റിയാദ്- സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി റിസ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പതിനാലാമത്’ ‘ദശലക്ഷം സന്ദേശ’ കാമ്പയിന് സമാപിച്ചു. ഗാന്ധിജയന്തി ദിനം മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെ നീണ്ടുനിന്ന കാമ്പയിനില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹികകൂട്ടായ്മകള്‍, വിവിധ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്സൈറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ബ്രോഷറുകള്‍ തുടങ്ങിയവയിലൂടെ ലക്ഷക്കണക്കിന് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.
20 വ്യത്യസ്ത ഭാഷകളില്‍ തയാറാക്കിയ ലഘുലേഖകള്‍, ഹ്രസ്വചിത്രങ്ങള്‍, 46 ഭാഷകളില്‍ തയാറാക്കിയ വീഡിയോ സന്ദേശം എന്നിവ പ്രചാരണത്തിനായി ഉപയോഗിച്ചു. റിസയുടെ വിവിധ ഗ്രൂപ്പുകളിലൂടെയും ആയിരക്കണക്കിന് ഈസന്ദേശങ്ങള് കൈമാറി.
കാമ്പയിന് സമയത്തു 20 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി 526 പേര്‍ക്ക് ടോട്ട് പരിശീലനവും റിയാദിലെ ആര് ഡി റ്റി ക്രിക്കറ് ക്ലബ് അംഗങ്ങള്‍ക്കായി ബോധവല്‍ക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. റിസയുടെ അംഗങ്ങളും സഹകാരികളും വിവിധ സ്ഥലങ്ങളിലെ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിച്ചു.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് റിസയുടെ അടുത്ത പരിശീലനപരിപാടി ഡിസംബര്‍ അവസാനവാരം സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷന് ചെയര്മാന് ഡോ. എസ്. അബ്ദുല്‍ അസീസ് റിസാ കണ്‍സല്‍ട്ടന്റ് ഡോ. എ വി ഭരതന് എന്നിവര്‍ അറിയിച്ചു.



