കണ്ണൂർ- നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. ആദ്യ റൗണ്ട് പിന്നിടുമ്പോൾ 740 വോട്ടുകൾക്കാണ് പിണറായി വിജയൻ പിറകിൽ പോയത്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ അബ്ദുൽ ഗഫൂറാണ് മുന്നിൽ നിൽക്കുന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന ചീക്കിലോട് പഞ്ചായത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോഴാണ് പിണറായി വിജയൻ പിന്നിലേക്ക് പോയത്. ധർമ്മടം മണ്ഡലത്തിൽ അട്ടിമറി സംഭവിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെട്ടിരുന്നു.
95 സീറ്റുകളിലാണ് നിലവിൽ യു.ഡി.എഫ് മുന്നിൽ നിൽക്കുന്നത്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം മുന്നിൽ നിൽക്കുമ്പോൾ മന്ത്രിമാരടക്കം പിന്നിലാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം അട്ടിമറി സാധ്യതയാണ് കാണുന്നത്. മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് മുന്നിലാണ്. കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെല്ലാം യു.ഡി.എഫ് മുന്നിൽ നിൽക്കുന്നു. ഈ ട്രെന്റ് തുടർന്നാൽ നൂറ് സീറ്റിനടത്ത് യു.ഡി.എഫ് എത്തുമെന്ന തരത്തിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. പാലക്കാട് ജില്ലയിൽ വരെ അപ്രതീക്ഷിത കുതിപ്പ് യു.ഡി.എഫ് നടത്തുന്നത് വലിയ തോതിൽ ഭരണവിരുദ്ധ വികാരമുണ്ട് എന്നതിന്റെ സൂചനയാണ്.



