വാഷിംഗ്ടണ്‍ – ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ യഥാര്‍ഥ എണ്ണം പെന്റഗണ്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ വകുപ്പിന്റെ ആഭ്യന്തര രേഖകളെ കുറിച്ച് അറിവുള്ള ആറ് യു.എസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതില്‍ അഞ്ച് പേരുടെ വിവരങ്ങള്‍ പ്രകാരം, യഥാര്‍ഥ മരണസംഖ്യ 22-ഓ അതില്‍ കൂടുതലോ ആണ്. യുദ്ധത്തില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പെന്റഗണിന്റെ പൊതുവായ കണക്കെടുപ്പ് ഡാറ്റാബേസില്‍ നിലവില്‍ കാണിച്ചിരിക്കുന്നത്.
അറേബ്യന്‍ കടലില്‍ യു.എസ്.എസ് ബോക്‌സര്‍ ഫ്‌ളൈറ്റ് ഓപ്പറേഷനുകള്‍ നടത്തിയതായും, കപ്പലും അതിലെ മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റും ചേര്‍ന്ന് ഇറാനെതിരായ യു.എസ് ഉപരോധം നടപ്പിലാക്കുന്നത് തുടരുന്നതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഉപരോധം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സെപ്റ്റംബര്‍ 18 വരെ യു.എസ് സേന 105 വാണിജ്യ കപ്പലുകള്‍ വഴിതിരിച്ചുവിട്ടതായും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള യു.എസ് സൈനിക താവളങ്ങള്‍ക്ക് മാരകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും മറ്റു സൈനിക ഉപകരണങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. ജൂണ്‍ 30 വരെയുള്ള ഓപ്പറേഷനുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍, മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും തകര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.
യു.എസ് നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് 18.4 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായും ഇതില്‍ ഭൂരിഭാഗവും ഇറാഖിലാണെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. എഫ്-15ഇ യുദ്ധവിമാനങ്ങള്‍, കെ.സി-135 ഏരിയല്‍ റീഫ്യൂവലിംഗ് ടാങ്കറുകള്‍ (ആകാശത്തുവെച്ച് ഇന്ധനം നിറക്കുന്ന വിമാനങ്ങള്‍), എം.ക്യു-9 ഡ്രോണുകള്‍ എന്നിവ കേടുപാടുകള്‍ സംഭവിച്ച സൈനിക ആസ്തികളില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 30 വരെയുള്ള കാലത്ത് ആകെ 52 വിമാനങ്ങളും ഡ്രോണുകളും പൂര്‍ണ്ണമായും തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. സംഘര്‍ഷത്തിനിടെ യു.എസ് ആയുധങ്ങള്‍ വ്യാപകമായി ഉപയോഗിച്ചത് ചിലതരം വെടിക്കോപ്പുകളുടെ ക്ഷാമത്തിന് കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു.
സംഘര്‍ഷത്തില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാന്‍ ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങളും ഡസന്‍ കണക്കിന് വിമാനങ്ങളും ഇറാന്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു.
എഫ്-15ഇ ഇനത്തില്‍ പെട്ട നാലു വിമാനങ്ങള്‍, എഫ്-35എ ഇനത്തില്‍ പെട്ട ഒരു വിമാനം, എ-10 ഇനത്തില്‍ പെട്ട ഒരു വിമാനം, കെ.സി-135 ഇനത്തില്‍ പെട്ട ഏഴ് ഏരിയല്‍ റീഫ്യൂവലിംഗ് ടാങ്കറുകള്‍, ഇ-3 എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ പെട്ട ഒരു വിമാനം, എച്ച്.എച്ച്-60 ഡബ്ലിയു ഇനത്തില്‍ പെട്ട ഒരു ഹെലികോപ്റ്റര്‍, എം.ക്യു-4സി ഇനത്തില്‍ പെട്ട ഒരു ഡ്രോണ്‍, എ.എച്ച്-6 ഇനത്തില്‍ പെട്ട നാലു ഹെലികോപ്റ്ററുകള്‍, എ.എച്ച്-64 ഇനത്തില്‍ പെട്ട ഒരു ഹെലികോപ്റ്റര്‍, എം.എച്ച്-60 ഇനത്തില്‍ പെട്ട ഒരു ഹെലികോപ്റ്റര്‍, എം.ക്യു-9 ഇനത്തില്‍ പെട്ട 30 ഡ്രോണുകള്‍ എന്നിവയാണ് യുദ്ധത്തിനിടെ തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തത്.
ഇറാനുമായുള്ള യുദ്ധത്തിന് ശേഷം ആയുധശേഖരം പുനഃസ്ഥാപിക്കുന്നതില്‍ തടസ്സങ്ങളും വെടിക്കോപ്പുകളുടെ ക്ഷാമവും യുഎസ് സൈന്യം നേരിടുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിരോധ വകുപ്പ് വെടിക്കോപ്പുകള്‍ക്കായി 22 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായും പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.
ഇറാനുമായുള്ള സംഘര്‍ഷം മൂലം 2026 ഓഗസ്റ്റ് ഒന്നോടെ അമേരിക്കക്ക് ഏകദേശം 38 ബില്യണ്‍ ഡോളര്‍ ചെലവ് വന്നതായി നിഷ്പക്ഷ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു. സംഘര്‍ഷം തുടരുകയാണെങ്കില്‍, അക്രമത്തിന്റെ തീവ്രതയനുസരിച്ച് പ്രതിമാസ ചെലവ് 2 മുതല്‍ 3 ബില്യണ്‍ ഡോളര്‍ വരെയോ അതില്‍ കൂടുതലോ ആകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.







