കോട്ടയം- എല്ലാ മതങ്ങളോടും ഇഷ്ടമാണെന്നും അതിൽ കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോടാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന് നൽകിയ സ്വീകരണത്തിന് ശേഷമാണ് സുകുമാരൻ നായർ ഇക്കാര്യം പറഞ്ഞത്. സുകുമാരൻ നായരുടെ ക്ഷണം അനുസരിച്ചാണ് ഷംസുദ്ദീൻ പെരുന്നയിൽ എത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചത് ഏറ്റവും സന്തോഷകരമാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. മുസ്ലീം സമുദായവും, അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ എൻ എസ് എസ് ശ്രമിച്ചിട്ടില്ല ഇനി അങ്ങനെ ഉണ്ടാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ജി. സുകുമാരൻ നായരുമായി സൗഹൃദ പൂർണ്ണമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് എൻ എസ് എസിന്റെ സംഭാവനകൾ നിസ്തുലമാണ്. സംസ്ഥാനത്ത് നിരവധി വിദ്യാലയങ്ങളും, കോളേജുകളും നല്ല നിലയിൽ നടത്തുന്ന സംഘടനയാണ് എൻ എസ് എസ്. ഇന്നത്തെ കാലഘട്ടത്തിലെ വിദ്യാഭ്യാസ രംഗത്തെ പല വിഷയങ്ങളും സുകുമാരൻ നായരുമായി ചർച്ച ചെയ്തതായും മന്ത്രി അറിയിച്ചു.







