ടെൽ അവീവ്- ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം നാവിക പ്രതിരോധം ശക്തമാക്കി ഇസ്രയേൽ നാവിക സേന. യമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ഈ മേഖലയിൽ സ്വാധീനം വർധിപ്പിച്ചതിനെ തുടർന്നാണ് ഇസ്രയേലിന്റെ അടിയന്തര നടപടി. ഹൂത്തികളുടെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇസ്രയേൽ നാവികസേനാ മേധാവി വൈസ് അഡ്മിറൽ ഇയാൽ ഹരേൽ കപ്പലുകൾക്കും കമാൻഡ് സെന്ററുകൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും കടലിൽ കൂടുതൽ നാവിക സേനയെ വിന്യസിക്കുകയും ചെയ്തു.
തന്ത്രപ്രധാനമായ ആസ്തികളും ചെങ്കടലിലൂടെയുള്ള ഇസ്രയേൽ കപ്പലുകളും സംരക്ഷിക്കാനുള്ള അടിയന്തര നടപടിയാണ് ഇസ്രയേൽ സ്വീകരിച്ചത്.
അനധികൃത കുടിയേറ്റം; ഇസ്രയേലിനെതിരെ വ്യാപാര ഉപരോധവുമായി ബ്രിട്ടൻ
ബാബ് അൽ മന്ദബ് കടലിടുക്കിന്റെ പ്രവേശന കവാടത്തിലുള്ള തന്ത്രപ്രധാനമായ പെരിം ദ്വീപ് ദിവസങ്ങൾക്ക് മുമ്പ് ഹൂത്തികൾ നിയന്ത്രണത്തിലാക്കിയിരുന്നു.
പെരിം ദ്വീപിന് സമീപം കടലിടുക്കിന്റെ വീതി വെറും 3 കിലോമീറ്റർ മാത്രമാണ്. ഇവിടെ നിലയുറപ്പിക്കുന്ന ഹൂത്തികൾക്ക് അത്യാധുനിക റഡാറുകൾ ഇല്ലാതെ തന്നെ നഗ്‌നനേത്രങ്ങൾ കൊണ്ട് കപ്പലുകളെ കാണാനും ടാങ്ക് വിരുദ്ധ മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാനും സാധിക്കുമെന്നാണ് ഇസ്രയേലിനെ ഭയപ്പെടുത്തുന്നത്.
ഇസ്രയേലിലേക്കുള്ള ഇറക്കുമതിയുടെ 98 ശതമാനവും കടൽമാർഗ്ഗമാണ് നടക്കുന്നത് എന്നതിനാൽ ബാബ് അൽ മന്ദബിലെ ഹൂത്തികളുടെ സ്വാധീനം അവരുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്.
അതേസമയം തങ്ങളുടെ കപ്പലുകൾക്കോ ആസ്തികൾക്കോ നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാകാതെ ഈ വിഷയത്തിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് ഇസ്രയേൽസുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.







