ജിദ്ദ – ജിദ്ദയിലെ കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്ത്ത് ടെര്മിനലില് നിന്ന് മുഴുവന് വിമാന സര്വീസുകളും ടെര്മിനല് 4 ലേക്കും ഹജ്, ഉംറ ടെര്മിനല് കോംപ്ലക്സിലേക്കും മാറ്റുന്ന പ്രക്രിയ ഇന്നു പൂര്ത്തിയാകുമെന്ന് എയര്പോര്ട്ട് അഡ്മിനിസ്ട്രേഷന് അറിയിച്ചു. കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കാനും കാര്യക്ഷമത വര്ധിപ്പിക്കാനുമുള്ള ജിദ്ദ എയര്പോര്ട്ട്സ് കമ്പനിയുടെ തുടര്ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ടെര്മിനല് 4 ന്റെ പ്രവര്ത്തനം.
യാത്രക്കാരുടെ എണ്ണത്തിലെ വളര്ച്ചക്കൊപ്പം നീങ്ങാനുള്ള ജിദ്ദ എയര്പോര്ട്ടിന്റെ ശേഷി ഇത് ശക്തിപ്പെടുത്തുകയും, 2030 ഓടെ വിമാനത്താവളം വഴി പ്രതിവര്ഷം ഒമ്പതു കോടിയിലേറെ യാത്രക്കാര്ക്ക് സേവനം നല്കാന് ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രം, സൗദി വിഷന് 2030 എന്നിവയില് നിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങള് കൈവരിക്കാന് സഹായിക്കുകയും ചെയ്യും.
എയര്ലൈനുകളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയോ കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴിയോ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ ഡിപ്പാര്ച്ചര് ടെര്മിനല് പരിശോധിക്കാന് ജിദ്ദ എയര്പോര്ട്ട്സ് കമ്പനി യാത്രക്കാരോട് അഭ്യര്ഥിച്ചു.







