തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ 100 കോടിയിലധികം ബാരൽ എണ്ണ സുരക്ഷിതമായി കടന്നുപോയെന്ന യു.എസ് അവകാശവാദം പച്ചക്കള്ളമാണെന്ന് ഇറാൻ സായുധ സേന വ്യക്തമാക്കി. എണ്ണ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കിയെന്ന യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും പരിഹാസ്യവുമാണെന്ന് ഇറാൻ സായുധ സേനാ വക്താവ് അബുൽഫസൽ ഷെക്കാർജി പറഞ്ഞു.
മേഖലയിലെ ക്ഷീണിതരായ യു.എസ് സൈന്യത്തിന്റെ മനോവീര്യം വർധിപ്പിക്കാനുള്ള പരാജയപ്പെട്ട ശ്രമമാണിത്. അമേരിക്കയ്ക്ക് ഈ മേഖലയിലുണ്ടായ ഭീമമായ സാമ്പത്തിക, മാനുഷിക നഷ്ടങ്ങൾ ന്യായീകരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നത്. മേഖലയിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റത്തിന്റെ യാഥാർഥ്യം മറച്ചുവെക്കാൻ ഇത്തരം പ്രസ്താവനകൾക്കാവില്ലെന്നും, ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇപ്പോഴും ഇറാന്റെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് അവകാശവാദം ഇങ്ങനെ
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സുരക്ഷിതമാണെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ യു.എസ് സേനയുടെ മേൽനോട്ടത്തിൽ ഒരു ബില്യണിലധികം (100 കോടി) ബാരൽ അസംസ്കൃത എണ്ണയും രണ്ടായിരത്തിലധികം വാണിജ്യ കപ്പലുകളും സുരക്ഷിതമായി കടന്നുപോയെന്നുമായിരുന്നു അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ പ്രസ്താവന. പ്രധാന കപ്പൽ പാതകൾ മൈനുകളിൽ നിന്ന് മുക്തമാണെന്നും ഇറാനെതിരായ എണ്ണ ഉപരോധം കർശനമായി തുടരുന്നതിനാൽ അവർക്ക് ഒരു ബാരൽ എണ്ണ പോലും കയറ്റുമതി ചെയ്യാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.







