തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ആളില്ലാ ഡ്രോൺ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇന്ന് പുലർച്ചെ നടത്തിയ സങ്കീർണ്ണമായ ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ വെച്ച് റെവല്യൂഷണറി ഗാർഡ് നാവികസേന അന്തർവാഹിനി കസ്റ്റഡിയിലെടുത്തത്. ഇറാൻ സ്റ്റേറ്റ് ടിവിയാണ് വാർത്ത പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും പുതിയ അണ്ടർവാട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച്, 2025-ൽ യു.എസ് സേനയുടെ ഭാഗമാക്കിയ സ്മാർട്ട് അന്തർവാഹിനിയാണ് പിടിച്ചെടുത്തതെന്നും ഇതിന്റെ ചിത്രങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പ്രസ്താവനയിൽ പറയുന്നു. സമുദ്രാന്തര നിരീക്ഷണം, മാപ്പിംഗ്, മൈനുകൾ കണ്ടെത്തൽ, കേബിളുകളും പൈപ്പ്‌ലൈനുകളും പരിശോധിക്കൽ എന്നിവയാണ് ഇതിന്റെ പ്രധാന ശേഷികൾ.
ലോകത്തെ എണ്ണ-പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഫെബ്രുവരി അവസാനം മുതൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ അമേരിക്കയും ഉപരോധ പ്രഖ്യാപനം നടത്തി. ഇതിനിടെ ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള സേവനങ്ങൾ മുൻനിർത്തി ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അമേരിക്ക ശക്തമായി എതിർക്കുകയാണ്.
അതിനിടെ, ഇറാന്റെ എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള യു.എസ് ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഈ മേഖലകളിലെ എണ്ണ ടാങ്കറുകളിലുള്ള ജീവനക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന മറ്റൊരു യു.എസ് ഡ്രോൺ ഇറാൻ വ്യോമസേന വെടിവെച്ചിട്ടതായും ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ സംഭവങ്ങളിൽ യു.എസ് വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.







