ജിദ്ദ: പ്രവാസി മലയാളി സമൂഹത്തിൽ ആരോഗ്യ അവബോധവും കരുതലും വളർത്തുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം സ്വദേശി സംഗമം (TSS) ജിദ്ദയിൽ സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയും ഭാര്യ ഫഹ്മിന ഖാത്തൂനും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. TSS പ്രസിഡന്റ് ഷബീർ സുബൈറുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ പ്രവാസ പ്രവർത്തനങ്ങൾ എന്നും അഭിമാനകരവും അഭിനന്ദനാർഹവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോൺസൽ ജനറൽ പറഞ്ഞു. ഇത്തരം ജീവകാരുണ്യ-ബോധവൽക്കരണ പരിപാടികളിലൂടെയും പരസ്പര സഹകരണത്തിലൂടെയും ആരോഗ്യസംരക്ഷണ മേഖലയിൽ ക്രിയാത്മകമായ ഈടുവെയ്പ്പുകൾ നടത്താൻ പ്രവാസി സമൂഹത്തിന് സാധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


വിദഗ്ധരുടെ മാർഗനിർദേശങ്ങളും സ്വയംപരിശോധനാ ബോധവൽക്കരണവും
ജിദ്ദ കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ലണ്ടനിലെ പ്രമുഖ ഓങ്കോളജിസ്റ്റും കാൻസർ രോഗവിദഗ്ധനുമായ ഡോ. ഇക്ബാൽ ഹുസൈൻ മണിയാർ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി. സ്തനാർബുദം നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, പ്രധാന രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.
ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യൻ ഡോ. ഇന്ദു ചന്ദ്രശേഖരൻ, ഡോ. ഷമീ ഷബീർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. സ്ത്രീകൾക്കിടയിൽ കൃത്യമായ ആരോഗ്യപരിശോധനകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഡോക്ടർമാർ, സ്വയം പരിശോധന (Self-examination) നടത്തേണ്ട ലളിതമായ രീതികളും സദസ്സിന് വിശദീകരിച്ചുനൽകി.
ശ്രദ്ധേയമായി അതിജീവന കഥയും കലാവിഷ്കാരവും
കാൻസറിനെ ധീരമായി അതിജീവിച്ച പ്യാരി ടീച്ചർ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് പരിപാടിയിലെ ഹൃദയസ്പർശിയായ അനുഭവമായി. രോഗത്തോടുള്ള പോരാട്ടവും അതിജീവനത്തിന്റെ വെളിച്ചവും നിറഞ്ഞ അവരുടെ വാക്കുകൾ സദസ്സിന് വലിയ ആത്മവിശ്വാസവും പ്രചോദനവുമാണ് പകർന്നുനൽകിയത്. ഫിനോം അക്കാദമി അവതരിപ്പിച്ച കാൻസർ ബോധവൽക്കരണ നാടകവും (സ്കിറ്റ്) സദസ്സിന്റെ കൈയടി നേടി.
ആമിന ബിജു, മിൻസ ഫാത്തിമ, അസ്ന ബിജു എന്നിവർ ചടങ്ങുകളുടെ അവതാരകരായിരുന്നു. TSS വനിതാ വിഭാഗം കൺവീനർ ഷൈമ നജീബ് സ്വാഗതവും ജോയിന്റ് കൺവീനർ നസ്സ്വി ഫൈനൂസ് നന്ദിയും പറഞ്ഞു.
ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും തിരുവനന്തപുരം സ്വദേശി സംഗമം അംഗങ്ങളും കുടുംബങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് പരിപാടിയിലുടനീളം പ്രകടമായത്. TSS വനിതാ വിഭാഗം ഭാരവാഹികൾ പരിപാടികളുടെ പൂർണ്ണ നിയന്ത്രണവും സംഘാടനവും നിർവ്വഹിച്ചു.







