പെഷവാർ (പാകിസ്ഥാൻ)- വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ ജില്ലയിലെ ബന്നുവിലെ സൈനിക കോമ്പൗണ്ടിൽ സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് നടത്തിയ ചാവേറാക്രമണത്തിൽ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നു കുട്ടികളുമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ആളുകൾ നോമ്പ് തുറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. “വിശുദ്ധ റമദാൻ മാസത്തിൽ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്ന ഭീരുക്കളായ ഭീകരരെ നേരിടുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ജില്ലയായ ബന്നുവിലാണ് ആക്രമണം നടന്നത്, ഇത് മുമ്പ് രാജ്യത്തിന്റെ സ്വയംഭരണ പ്രദേശങ്ങളായിരുന്നു. ചാവേർ ബോംബാക്രമണങ്ങൾക്ക് ശേഷം 12 തീവ്രവാദികൾ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും ആക്രമണകാരികളിൽ ആറ് പേർ വെടിയേറ്റ് കൊല്ലപ്പെട്ടതായും ഇന്റലിജൻസ് ഉദ്യോഗസ്ഥൻ നേരത്തെ എഎഫ്‌പിയോട് പറഞ്ഞിരുന്നു.
“സ്‌ഫോടനത്തെ തുടർന്ന് നാല് അടി താഴ്ചയുള്ള രണ്ട് ഗർത്തങ്ങളുണ്ടായി. അത്രയും ശക്തമായ സ്ഫോടനമാണ് നടന്നത്. പ്രദേശത്തെ എട്ടു വീടുകളും തകർന്നു.
2001 മുതൽ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിനെതിരായ യുദ്ധത്തിൽ അഫ്ഗാൻ താലിബാനെ സജീവമായി പിന്തുണച്ച ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘത്തിലെ ഒരു വിഭാഗമാണ് ആക്രമണത്തിന്റെ പിന്നിൽ.