വാഷിംഗ്ടണ്‍ – വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ അഫ്ഗാന്‍ യുവാവ്, അമേരിക്കയിലേക്ക് മാറുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതി സി.ഐ.എ, യു.എസ് സൈന്യം, മറ്റ് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്ന് സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിച്ച് ഒരു മാസത്തിന് ശേഷം 2021 സെപ്റ്റംബറില്‍ പ്രതി അമേരിക്കയില്‍ എത്തിയിരുന്നു. പ്രതി റഹ്മാനുല്ല ലഖന്‍വാള്‍ 2024 ല്‍ അഭയം തേടി നല്‍കിയ അപേക്ഷ ഈ വര്‍ഷാദ്യം അംഗീകരിക്കുകയായിരുന്നു. ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം എന്ന പ്രോഗ്രാമിനു കീഴിലാണ് 29 കാരന്‍ അമേരിക്കയില്‍ പ്രവേശിച്ചതെന്ന് കരുതപ്പെടുന്നു. ഒരുകാലത്ത് അമേരിക്കയുടെ പ്രധാന സൈനിക താവളമായിരുന്ന തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറില്‍ പ്രതി അമേരിക്കക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി സി.ഐ.എ ഡയറക്ടര്‍ വ്യക്തമാക്കി. ജോ ബൈഡന്റെ കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ് സൈന്യത്തിന്റെ പിന്‍വാങ്ങലിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം കാണ്ഡഹാറിലെ പങ്കാളി സേനയിലെ അംഗമെന്ന നിലയില്‍ സി.ഐ.എ ഉള്‍പ്പെടെയുള്ള യു.എസ് സര്‍ക്കാരുമായുള്ള മുന്‍ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പ്രതിയെ അമേരിക്കയിലേക്ക് കൊണ്ടുവരികയായിരുന്നെന്ന് റാറ്റ്ക്ലിഫ് പറഞ്ഞു.



