വാഷിംഗ്ടൺ– അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യൂണിറ്റിന്റെ തലവനായ ഇറാനിയൻ ഉദ്യോഗസ്ഥനെ സൈന്യം വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഈ നിർണ്ണായക വിവരം വെളിപ്പെടുത്തിയത്. പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ശ്രമിച്ച യൂണിറ്റിന്റെ നേതാവിനെ ഞങ്ങൾ വേട്ടയാടി വധിച്ചു. ട്രംപിനെ ഇല്ലാതാക്കാൻ ഇറാൻ ശ്രമിച്ചു, എന്നാൽ ഒടുവിൽ വിജയം ട്രംപിനൊപ്പമായിരുന്നുവെന്ന് ഹെഗ്സെത്ത് പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ചൊവ്വാഴ്ചയാണ് ഈ ഓപ്പറേഷൻ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2024-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപിനെ വധിക്കാൻ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് നിർദ്ദേശം നൽകിയതുമായി ബന്ധപ്പെട്ട് ഒരു ഇറാനിയൻ പൗരനെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗൂഢാലോചനയുടെ സൂത്രധാരനെ വധിച്ചതായി അമേരിക്ക അവകാശപ്പെടുന്നത്



