വാഷിംഗ്ടൺ– ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഇനി അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് നിലവിൽ ഹോർമുസ് കടലിടുക്കിന്റെ ആവശ്യമില്ലെന്നും എന്നാൽ ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഈ പാതയെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ രാജ്യങ്ങൾ തന്നെ നേരിട്ട് മുന്നോട്ട് വരണമെന്നും ഹോർമുസ് കടലിടുക്കിലെ നിരീക്ഷണത്തിലും സുരക്ഷാ നടപടികളിലും സജീവമായി പങ്കുചേരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ചൈനയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത് നല്ല കാര്യമായിരിക്കും. നിലവിൽ അമേരിക്ക ഈ രാജ്യങ്ങളെ സഹായിക്കുന്നുണ്ടെങ്കിലും, ഇറാൻ ഭീഷണി ഇല്ലാതാകുന്നതോടെ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ സേവനം ആവശ്യമില്ലാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്ക് സുരക്ഷിതമാക്കുന്ന കാര്യത്തിൽ നാറ്റോ സഖ്യകക്ഷികളുടെ സഹായവും ട്രംപ് തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നാറ്റോ രാജ്യങ്ങൾ ഇതുവരെ മതിയായ ധൈര്യം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണെന്നും, തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് രാജ്യം വളരെ അടുത്തെത്തിയിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.



