വാഷിംഗ്ടണ്‍– ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്ക പിടിച്ചെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സമാധാന വ്യവസ്ഥകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്.
ഇറാനിലെ യുറേനിയം നമുക്ക് ലഭിക്കും. ഞങ്ങള്‍ക്ക് അത് ആവശ്യമില്ല, ഞങ്ങള്‍ അത് ആഗ്രഹിക്കുന്നതുമില്ല. അത് ലഭിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ അത് നശിപ്പിക്കും. പക്ഷേ അവരെ അത് കൈവശം വെക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്‍ ആണവായുധം സ്വന്തമാക്കിയാല്‍ മിഡില്‍ ഈസ്റ്റില്‍ ആണവയുദ്ധം ഉണ്ടാകുമെന്നും, അത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഏകദേശം 440 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ട്. ഇത് 90 ശതമാനമായി സമ്പുഷ്ടീകരിച്ചാല്‍ സൈദ്ധാന്തികമായി 6 മുതല്‍ 10 വരെ ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ മതിയാകുമെന്നാണ് ട്രംപിന്റെ അഭിപ്രായം.
എന്നാല്‍, യുറേനിയം ശേഖരം ഒരു കാരണവശാലും അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ വ്യക്തമാക്കി. ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് അയക്കുന്നത് നിരോധിച്ചുകൊണ്ട് ഖാംനഇ അന്തിമ ഉത്തരവിറക്കിയതായി ഇറാനിലെ ഉന്നതതല സ്രോതസ്സുകള്‍ സ്ഥിരീകരിച്ചു. യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റുന്നത് ഭാവിയില്‍ രാജ്യത്തെ കൂടുതല്‍ യു.എസ്, ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് വിധേയമാക്കുമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യത്തുതന്നെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ഇറാന്റെ ഭരണകൂടത്തിനുള്ളില്‍ ശക്തമായ സമവായമാണുള്ളത്.



