വാഷിംഗ്ടണ്‍ – ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഏകദേശം 1,000 പൗണ്ട് (453.6 കിലോഗ്രാം) വരുന്ന ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തെടുത്ത് കൈവശപ്പെടുത്താനുള്ള സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. അത്തരം ഒരു യു.എസ് സൈനിക നടപടി അങ്ങേയറ്റം സങ്കീര്‍ണ്ണവും അപകടകരവുമാകുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനു പകരം അത് യുദ്ധം നീട്ടിക്കൊണ്ടുപോകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്ഫഹാന്‍, നടാന്‍സ് നഗരങ്ങളിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ് ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്നത്. ഇത് അതിലേക്ക് എത്തിപ്പെടല്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു ഉപാധിയായി ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാനു മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പത്രം സൂചിപ്പിച്ചു.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ വളരെ വേഗത്തില്‍ എത്തിച്ചേരാനാകുമെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ട്. ഇറാനുമായുള്ള ചര്‍ച്ചകളുടെ ഫലം പ്രവചിക്കാന്‍ കഴിയില്ല. ഞങ്ങള്‍ അവരുമായി ചര്‍ച്ച നടത്തുന്നു. ചിലപ്പോള്‍ അവര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. അമേരിക്ക നിര്‍ദേശിച്ച 15 ഇന വെടിനിര്‍ത്തല്‍ പദ്ധതിയിലെ മിക്ക വ്യവസ്ഥകളും ഇറാന്‍ അംഗീകരിച്ചിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ വെടിനിര്‍ത്തല്‍ പദ്ധതി പൂര്‍ണ തോതില്‍ അംഗീകരിക്കുന്നില്ലെന്നും ട്രംപ് ആരാഞ്ഞു.
പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തേക്കുമെന്നും ഇറാന്‍ എണ്ണ അമേരിക്ക പിടിച്ചെടുക്കുമെന്നും യുഎസ് പ്രസിഡന്റ് സൂചിപ്പിച്ചു. ഇറാനിലെ ഭരണം അവസാനിച്ചു. അവരെല്ലാവരും മരിച്ചു. തുടര്‍ന്ന് നിലവില്‍വന്ന ഭരണകൂടവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മൂന്നാം ഭരണകൂടവുമായി, മുമ്പ് ആരും ഇടപെട്ടിട്ടില്ലാത്ത, തികച്ചും വ്യത്യസ്തരായ ഒരു വിഭാഗവുമായാണ് ഞങ്ങള്‍ ഇടപഴകുന്നത്. ഇവര്‍ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. സത്യം പറഞ്ഞാല്‍, അവര്‍ വളരെ യുക്തിസഹമായി പ്രവര്‍ത്തിച്ചു. അതിനാല്‍ ഭരണത്തില്‍ ഒരു മാറ്റമുണ്ടായതായി ഞാന്‍ കരുതുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.



