വാഷിംഗ്ടൺ– കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. വിദേശനയ കാര്യങ്ങളിൽ പോപ്പ് തികഞ്ഞ പരാജയമാണെന്നും കുറ്റകൃത്യങ്ങൾക്കെതിരെ നിലപാടെടുക്കുന്നതിൽ അദ്ദേഹം ദുർബലനാണെന്നും ട്രംപ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പോപ്പിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.
ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ 42,000 നിരപരാധികളായ പ്രതിഷേധക്കാരെ ഇറാൻ കൊലപ്പെടുത്തി. ഇറാൻ ആണവ ബോംബ് കൈവശം വെക്കുന്നത് പൂർണ്ണമായും അസ്വീകാര്യമാണ്. ഇക്കാര്യങ്ങൾ ആരെങ്കിലും ദയവായി പോപ്പ് ലിയോയോട് പറയുമോ? എന്ന് ട്രംപ് പരിഹസിച്ചു. പോപ്പിനെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ ക്ഷമ ചോദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. പോപ്പിന് തെറ്റുപറ്റിയതായും തനിക്ക് ക്ഷമ ചോദിക്കാൻ ഒന്നുമില്ല. 2025 മെയ് മാസത്തിൽ ലിയോ പതിനാലാമൻ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം അമേരിക്കക്കാരനായത് കൊണ്ട് മാത്രമാണെന്നും ട്രംപ് പരാമർശിച്ചു.
തന്റെ പോസ്റ്റിനൊപ്പം തന്നെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എ.ഐ നിർമ്മിത ചിത്രം ട്രംപ് പങ്കുവെച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ചിത്രം പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും, താൻ യേശുവായല്ല മറിച്ച് ഒരു ‘ഡോക്ടറായാണ്’ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് ട്രംപ് വിചിത്രമായ വിശദീകരണം നൽകിയത്.



