വാഷിംഗ്ടണ്‍ – സിറിയെയും അവരുടെ പുതിയ ഭരണകൂടത്തെയും അസ്ഥിരപ്പെടുത്തുന്നതിന് എതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി. സിറിയന്‍, ഇസ്രായില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് ട്രംപ് രംഗത്തെത്തിയത്. സിറിയയുമായി ഇസ്രായില്‍ ശക്തവും യഥാര്‍ഥവുമായ സംവാദം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്, സിറിയയെ അഭിവൃദ്ധി പ്രാപിച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് തടസ്സമാകുന്ന ഒന്നും സംഭവിക്കരുത്. പ്രസിഡന്റ് അഹ്‌മദ് അല്‍ശറഇന്റെ കീഴില്‍ സിറിയയുടെ പ്രകടനത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചു. വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ നെതന്യാഹുവിനെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ദമാസ്‌കസില്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ശറഅ് അധികാരമേറ്റതിനു പിന്നാലെ ഇസ്രായിലും സിറിയയും തമ്മിലുള്ള സുരക്ഷാ കരാറിനായി യു.എസ് പ്രസിഡന്റ് സമ്മര്‍ദം ചെലുത്തുന്നു.
അതേസമയം, യു.എന്‍ രക്ഷാ സമിതി അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയ സംഘം ഡിസംബര്‍ മൂന്നിനും ഏഴിനും ഇടയില്‍ സിറിയയും ലെബനനും സന്ദര്‍ശിക്കും. നിലവിലെ സിറിയന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള യു.എന്‍ രക്ഷാ സമിതി പ്രതിനിധി സംഘത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. രക്ഷാ സമിതിയിലെ ഈ മാസത്തെ പ്രസിഡന്റ് എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയിലെ എസ്റ്റോണിയന്‍ സ്ഥിരം പ്രതിനിധി സാമുവല്‍ സ്‌ബോഗറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍, രക്ഷാ സമിതിയിലെ സ്ഥിരം പ്രതിനിധികളും മറ്റ് അംഗങ്ങളും ഉണ്ടാകും.



