വാഷിംഗ്ടണ്‍ – യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച പ്രമേയം അനുസരിച്ച് സ്ഥാപിക്കുന്ന ഗാസ സമാധാന കൗണ്‍സിലിന് താന്‍ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമിതിയില്‍ ലോക നേതാക്കളെ ഉള്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. യു.എന്‍ രക്ഷാ സമിതി പ്രമേയത്തെയും ട്രംപ് സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ഏറ്റവും ശക്തരും വിശിഷ്ടരുമായ നേതാക്കള്‍ ഉള്‍പ്പെടുന്ന, ഞാന്‍ വ്യക്തിപരമായി അധ്യക്ഷനാകുന്ന സമാധാന കൗണ്‍സിലിനെ അംഗീകരിക്കുന്ന യു.എന്‍ രക്ഷാ സമിതിയിലെ അവിശ്വസനീയമായ വോട്ടിന് അഭിനന്ദനങ്ങള്‍ – ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഇതുവരെ പാസാക്കിയതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രമേയമാണിത്. ഈ പ്രമേയം ലോകത്തെ സമാധാനത്തിലേക്ക് നയിക്കും. ഇത് യഥാര്‍ഥത്തില്‍ ചരിത്രപരമായ ഒരു നിമിഷമാണ്. ഗാസ സമാധാന കൗണ്‍സില്‍ അംഗങ്ങളെ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രമേയം ചരിത്രപരവും സൃഷ്ടിപരവുമാണെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് വിശേഷിപ്പിച്ചു. പ്രമേയം സ്ഥിരതയുള്ളതും സമൃദ്ധവുമായ ഗാസയിലേക്കും ഇസ്രായിലിനെ സുരക്ഷയില്‍ ജീവിക്കാന്‍ അനുവദിക്കുന്ന അന്തരീക്ഷത്തിലേക്കുമുള്ള മറ്റൊരു പ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. പ്രമേയം ഒരു തുടക്കം മാത്രമാണെന്നും മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു.
ട്രംപിന്റെ പദ്ധതി അംഗീകരിക്കുന്ന രക്ഷാ സമിതി പ്രമേയം സമാധാന വഴിയിലെ ചരിത്ര നാഴികക്കല്ലാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പറഞ്ഞു. തീവ്രവാദത്തില്‍ നിന്ന് മുക്തമായ, സൈനികരഹിത ഗാസ യാഥാര്‍ഥ്യമാക്കുന്നതിലേക്ക് നമ്മള്‍ ഇപ്പോള്‍ അടുത്തിരിക്കുന്നു. ഗാസ ഭരിക്കുക ഹമാസല്ല, ഫലസ്തീന്‍ ജനതയായിരിക്കുമെന്നും റൂബിയോ കൂട്ടിചേർത്തു.
അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കാനും ഗാസ മുനമ്പിനെ നിരായുധീകരിക്കാനും ഇസ്രായില്‍, ഈജിപ്ത്, പുതുതായി പരിശീലനം ലഭിച്ച ഫലസ്തീന്‍ പോലീസ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സ്ഥിരത സേന സ്ഥാപിക്കാന്‍ പ്രമേയം അനുവദിക്കുന്നു. അനൗദ്യോഗിക സായുധ ഗ്രൂപ്പുകളുടെ സ്ഥിരമായ നിരായുധീകരണം, സാധാരണക്കാരെ സംരക്ഷിക്കല്‍, മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കല്‍ എന്നിവക്ക് അന്താരാഷ്ട്ര സ്ഥിരത സേന പ്രവര്‍ത്തിക്കും. 2027 അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഗാസക്കായുള്ള ഇടക്കാല ഭരണസമിതിയായ സമാധാന കൗണ്‍സില്‍ രൂപീകരിക്കാനും പ്രമേയം അനുവദിക്കുന്നു. മുന്‍ കരടുരേഖകളില്‍ നിന്ന് വ്യത്യസ്തമായി, ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതയെ കുറിച്ചും പ്രമേയം പരാമര്‍ശിക്കുന്നുണ്ട്.



