റോം– പശ്ചിമേഷ്യൻ യുദ്ധമുഖത്തേക്ക് പോവുകയായിരുന്ന അമേരിക്കൻ ബോംബർ വിമാനങ്ങൾക്ക് തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി. സിസിലിയിലെ സിഗോണല്ല സൈനിക താവളത്തിൽ ഇറങ്ങാനായി എത്തിയ വിമാനങ്ങൾക്കാണ് ഇറ്റാലിയൻ സർക്കാർ അനുമതി നിഷേധിച്ചത്. മുൻകൂട്ടി അനുവാദം വാങ്ങാത്തതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൊവ്വാഴ്ച വ്യക്തമാക്കി. കരാർ ലംഘനമെന്ന് ഇറ്റലി ഇറ്റാലിയൻ ദിനപ്പത്രമായ കൊറിയർ ഡെല്ല സെറ ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഇസ്രായിലിനൊപ്പം ചേർന്ന് ഇറാനെതിരെ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് സിസിലിയിൽ ഇറങ്ങാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഇറ്റലിയിലെ യുഎസ് സൈനിക താവളങ്ങളുടെ ഉപയോഗം സംബന്ധിച്ച നിലവിലുള്ള കരാറുകൾ പ്രകാരം വിമാനങ്ങൾ ഇറങ്ങുന്നതിന് മുൻപ് ഇറ്റാലിയൻ സൈനിക നേതൃത്വത്തിന്റെ അനുമതി തേടേണ്ടതുണ്ട്. ഇത്തവണ അത്തരം അനുമതി തേടാത്തതാണ് വിമാനങ്ങളെ തടയാൻ കാരണമായത്. മാർച്ച് 27-നാണ് അനുമതി നിഷേധിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എത്ര വിമാനങ്ങളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര കരാറുകൾക്കും പാർലമെന്റ് നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി മാത്രമേ ഇറ്റലി പ്രവർത്തിക്കൂ എന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസ് വിമാനങ്ങളെ തടഞ്ഞത് നയതന്ത്ര തർക്കങ്ങൾക്ക് വഴിവെക്കുമെന്ന സൂചനകൾക്കിടെ വിശദീകരണവുമായി ഇറ്റാലിയൻ സർക്കാർ രംഗത്തെത്തി. ഓരോ അപേക്ഷയും കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് അനുവദിക്കുകയെന്നും അന്താരാഷ്ട്ര പങ്കാളികളുമായി നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും സർക്കാർ അറിയിച്ചു. അമേരിക്കയുമായുള്ള ബന്ധം ശക്തമാണെന്നും പൂർണ്ണമായ സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ റോമിലെ യുഎസ് എംബസി തയ്യാറായിട്ടില്ല. സ്പെയിനിന് പിന്നാലെ മറ്റൊരു നാറ്റോ അംഗരാജ്യം കൂടി യുഎസ് സൈനിക നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് അമേരിക്കക്ക് വലിയ തിരിച്ചടിയാണ്.



