തെല്‍അവീവ്– യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് ഗാസയില്‍ സമാധാന സമിതി (പീസ് ബോര്‍ഡ്) സ്ഥാപിച്ചതിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സമാധാന സമിതിയുടെ ഘടന ഇസ്രായില്‍ നയത്തിന് വിരുദ്ധമാണെന്നാണ് നെതന്യാഹു കരുതുന്നത്. ഗാസയുടെ ഭരണത്തിന് സമിതി രൂപീകരിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനം ഇസ്രായിലുമായി ചർച്ച ചെയ്യാതെ നടത്തിയതാണെന്നും ഇത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
സമാധാന സമിതിയുടെ ദര്‍ശനം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ നയതന്ത്രം, വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക തന്ത്രം എന്നിവയില്‍ വൈദഗ്ധ്യമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സമാധാന സമിതി സ്ഥാപക എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ രൂപീകരിച്ചതെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നര്‍, ഹാകാന്‍ ഫിദാന്‍, അലി അല്‍ദവാദി, മേജര്‍ ജനറല്‍ ഹസ്സന്‍ റശാദ്, ടോണി ബ്ലെയര്‍, മാര്‍ക്ക് റോവന്‍, റീം അല്‍ഹാശിമി, നിക്കോളായ് മ്ലാഡെനോവ്, യാക്കിര്‍ ഗബായ്, സിഗ്രിഡ് കാഗ് എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളാണ്.
മുതിര്‍ന്ന ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ക്കും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനും ഇടയില്‍ സംഘര്‍ഷവും കോപവും വര്‍ധിച്ചുവരുന്നതായി ഇസ്രായിലി റിപ്പോര്‍ട്ട് സൂചിപ്പിച്ചു. മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനെതിരായ നിശിതവും അഭൂതപൂര്‍വവുമായ വിമര്‍ശനത്തിലൂടെ ഇത് പ്രകടമായി. ഗാസയുമായും ഇറാനുമായും ബന്ധപ്പെട്ട് അമേരിക്കയുടെ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിറ്റ്‌കോഫ് ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഇവ പലപ്പോഴും ഇസ്രായിലിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരുതുന്നത്. ഇസ്രായിലുമായുള്ള അടുത്ത ഏകോപനത്തിനു പകരം മേഖലയിലെ വിപുലമായ ബന്ധങ്ങളാണ് വിറ്റ്‌കോഫിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വൈറ്റ് ഹൗസ് അടുത്തിടെ പ്രഖ്യാപിച്ച ഗാസ സമാധാന സമിതിയുടെ ഘടനയിലാണ് തര്‍ക്കത്തിന്റെ തുടക്കം. സമിതിയുടെ ഉപസമിതികളില്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തിയതില്‍ ഇസ്രായിലിന് ശക്തമായ അതൃപ്തിയുണ്ട്. ഈ നീക്കത്തിന് പിന്നില്‍ വിറ്റ്‌കോഫാണെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇത് സ്വന്തം നയത്തിന് പൂര്‍ണ്ണമായും വിരുദ്ധമാണെന്നും ഇസ്രായില്‍ കരുതുന്നു. ഇറാന്‍ പ്രശ്‌നത്തിലേക്കും ഇസ്രായിലിന്റെ ആശങ്കകള്‍ നീളുന്നുണ്ട്. ഇറാനെതിരായ അമേരിക്കന്‍ ആക്രമണം തടയുന്നതില്‍ വിറ്റ്‌കോവ് നിര്‍ണായക പങ്ക് വഹിച്ചതായും ഇസ്രായില്‍ ഭയക്കുന്നു.
മേഖലയിലെ രാജ്യങ്ങളുമായുള്ള വിറ്റ്‌കോവിന്റെ മുന്‍കാല ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചേക്കുമെന്നാണ് ഇസ്രായിലി ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടിയെ തടസ്സപ്പെടുത്തുന്നത് വെറും യാദൃശ്ചികതയായി കണക്കാക്കാനാവില്ലെന്നും മറിച്ച്, ഇസ്രായില്‍ സൈന്യത്തിന് സംശയങ്ങള്‍ ഉയര്‍ത്തുന്ന വ്യവസ്ഥാപിത സമീപനത്തിന്റെ പ്രകടനമാണെന്നും മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു. ഹമാസിന്റെ നിരായുധീകരണത്തിന് ഇസ്രായില്‍ കഴിഞ്ഞ ദിവസം രണ്ട് മാസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് പാലിക്കാത്ത പക്ഷം യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കുകയും ചെയ്തു



