തെഹ്റാൻ: അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇതിന്റെ പേരിൽ അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചകനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ഒരു നിലപാടിൽ നിന്നുകൊണ്ടാണ് തങ്ങൾ ചർച്ചകളിൽ പങ്കെടുത്തതെന്നും കരാർ ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിലെ നിബന്ധനകൾ നടപ്പാക്കുക എന്നത് ഇറാൻ പരമോന്നത നേതാവ് തന്നെ ഏൽപ്പിച്ച ദൗത്യമാണ്. എല്ലാ കക്ഷികളും മാനിക്കേണ്ട ഒരു ചട്ടക്കൂടായിട്ടാണ് ഇറാൻ ഈ കരാറിനെ കാണുന്നത്. പരസ്പരം സമ്മതിച്ച കാര്യങ്ങളിൽ മാറ്റം വരുത്താനോ, കരാറിന് പുറത്തുള്ള വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ഇറാൻ ചെറുക്കും. മറുകക്ഷി ബാധ്യതകൾ പാലിക്കുന്നിടത്തോളം കാലം മാത്രമേ ഇറാനും കരാറുമായി മുന്നോട്ട് പോകൂ.
നയതന്ത്രം എന്നത് ഇറാന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. അതിനർത്ഥം രാജ്യത്തിന്റെ അധികാരവും പ്രതിരോധ ശേഷിയും ഉപേക്ഷിക്കുമെന്നല്ല. ഇറാന്റെയോ അതിന്റെ സഖ്യകക്ഷികളുടെയോ അവകാശങ്ങളിലേക്ക് കടന്നുകയറാൻ ആരെയും അനുവദിക്കില്ല. കരാറിന്റെ യഥാർത്ഥ ഉറപ്പ് രേഖാമൂലമുള്ള നിബന്ധനകളിൽ മാത്രമല്ല, മറിച്ച് ഏതൊരു ലംഘനത്തോടും ശക്തമായി പ്രതികരിക്കാനുള്ള ഇറാന്റെ കരുത്തിലാണെന്നും ഖാലിബാഫ് ഓർമ്മിപ്പിച്ചു.



