വാഷിംഗ്ടണ്‍ – തന്റെ രാഷ്ട്രീയ ജീവിതത്തില്‍, പ്രത്യേകിച്ച് 2024 ലെ തെരഞ്ഞെടുപ്പിനുശേഷം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏതാനും വെടിവെപ്പുകള്‍ക്കും വധശ്രമങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഇന്നലെ രാത്രി നടന്നത്. ട്രംപും പ്രഥമ വനിത മെലാനിയയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നൂറുകണക്കിന് മറ്റ് അതിഥികളും വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷന്‍ വാര്‍ഷിക അത്താഴത്തില്‍ പങ്കെടുക്കുന്നതിനിടെ ഹോട്ടലിലെ വിരുന്ന് ഹാളിന് പുറത്തുള്ള സുരക്ഷാ ഗേറ്റ് ആയുധധാരി അതിക്രമിച്ചു കയറുകയായിരുന്നു.
ട്രംപിനെതിരായ ഏറ്റവും പ്രധാനപ്പെട്ട വധശ്രമങ്ങള്‍:
- 2024 ജൂലൈയില്‍ പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന ഔട്ട്ഡോര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ട്രംപിനെതിരായ ഏറ്റവും ഗുരുതരമായ വധശ്രമം നടന്നത്. 20 വയസുകാരനായ ആയുധധാരി നടത്തിയ വെടിവെപ്പില്‍ ട്രംപിന്റെ മുകളിലെ ചെവിയില്‍ വെടിയുണ്ട തുളച്ചുകയറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കൊലപ്പെടുത്തി.
- ബട്ലര്‍ വെടിവെപ്പിന് വെറും രണ്ട് മാസത്തിന് ശേഷം, ട്രംപ് ഗ്രൗണ്ടിലായിരിക്കെ, ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ കുറ്റിക്കാട്ടില്‍ കൈത്തോക്കുമായി ഒളിച്ചിരുന്നയാളെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ കണ്ടെത്തി. പോലീസും സീക്രട്ട് സര്‍വീസും വേഗത്തില്‍ ഇടപെട്ട് ആക്രമണം തടഞ്ഞു. പ്രതി മാസങ്ങളായി ആക്രമണം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
- കഴിഞ്ഞ ഫെബ്രുവരിയില്‍, യു.എസ് പ്രസിഡന്റിന്റെ ഫ്‌ലോറിഡ വസതിയായ മാര്‍-എ-ലാഗോയിലേക്ക് ഒരാള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. സംഭവം നടന്നത് ഒരു ശനിയാഴ്ച വൈകുന്നേരമാണ്. ട്രംപ് പലപ്പോഴും മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ വാരാന്ത്യങ്ങള്‍ ചെലവഴിക്കാറുണ്ടെങ്കിലും, അന്ന് അദ്ദേഹം പ്രഥമ വനിത മെലാനിയക്കൊപ്പം വൈറ്റ് ഹൗസിലായിരുന്നു. ഇരുവരും ചേര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് അത്താഴ വിരുന്ന് നടത്തുകയായിരുന്നു. സുരക്ഷാ സേന ഇടപെട്ട് നുഴഞ്ഞുകയറ്റക്കാരനെ കൊലപ്പെടുത്തി.
- ശനിയാഴ്ച രാത്രി ട്രംപും നിരവധി ഉന്നത യു.എസ്. നേതാക്കളും പങ്കെടുത്ത, മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്ന് നടത്തിയ ഹാളിലേക്ക് ആയുധധാരി അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. ബോള്‍റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ആയുധധാരിയെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വളഞ്ഞു. പ്രസിഡന്റിന് പരിക്കേറ്റില്ല. ഉടന്‍ തന്നെ ഹാളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. ആക്രമണത്തിന്റെ ലക്ഷ്യം താനാണെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. അക്രമി കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള 31 കാരനായ കോള്‍ തോമസ് അലന്‍ ആണെന്ന് തിരിച്ചറിഞ്ഞു. അലന്‍ ഒറ്റക്കാണ് പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതായും അദ്ദേഹം രോഗിയായ വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.
ശനിയാഴ്ച രാത്രി നടന്ന അത്താഴ വിരുന്ന് വേദിയായ ഹില്‍ട്ടണ്‍ വാഷിംഗ്ടണ്‍ ഹോട്ടലില്‍ വെച്ച് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെതിരെയും വധശ്രമം നടന്നിരുന്നു. 1981 ല്‍ ഹോട്ടലിന് പുറത്ത് കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാളുടെ വെടിയേറ്റ് റീഗന് പരിക്കേറ്റു.
മറ്റ് ഭീഷണികള്‍:
ഈ വധശ്രമങ്ങള്‍ക്ക് പുറമേ, വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രംപിന് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നു. 2016 ജൂണില്‍, ലാസ് വെഗാസിലെ ട്രഷര്‍ ഐലന്‍ഡ് ഹോട്ടല്‍ ആന്റ് കാസിനോയില്‍ നടന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ, 20 വയസുകാരനായ മൈക്കല്‍ സ്റ്റീഫന്‍ സാന്‍ഡ്ഫോര്‍ഡ് എന്ന ബ്രിട്ടീഷ് യുവാവ് ട്രംപിനെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചു. ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞിട്ടും സാന്‍ഡ്ഫോര്‍ഡ് നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക, നിയമവിരുദ്ധമായി തോക്ക് കൈവശം വെക്കുക എന്നീ രണ്ട് കുറ്റങ്ങള്‍ 2016 സെപ്റ്റംബറില്‍ സാന്‍ഡ്ഫോര്‍ഡ് സമ്മതിച്ചു. ഓട്ടിസം ബാധിച്ച സാന്‍ഡ്ഫോര്‍ഡ് സംഭവ സമയത്ത് മനോരോഗിയാണെന്ന് കണ്ടെത്തി. 2016 ഡിസംബറില്‍ അദ്ദേഹത്തിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പിന്നീട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചതിന് ശേഷം സാന്‍ഡ്ഫോര്‍ഡിനെ മോചിപ്പിക്കുകയും 2017 ല്‍ ബ്രിട്ടനിലേക്ക് നാടുകടത്തുകയും ചെയ്തു.
2017 സെപ്റ്റംബറില്‍, നോര്‍ത്ത് ഡക്കോട്ടയിലെ അധികാരികള്‍ ഗ്രിഗറി ലീന്‍ഗാങ് എന്നയാള്‍ വ്യാവസായിക സ്ഥലത്ത് നിന്ന് ഫാര്‍ക്ക്ലിഫ്റ്റ് മോഷ്ടിച്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹനം കടന്നുപോകുന്ന ട്രാക്കിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി. പ്രസിഡന്‍ഷ്യല്‍ ലിമോസിനിനു സമീപം എത്തി അത് മറിച്ചിട്ട് പ്രസിഡന്റിനെ കൊല്ലുക എന്നതായിരുന്നു ലീന്‍ഗാങിന്റെ ഉദ്ദേശ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഫോര്‍ക്ക്ലിഫ്റ്റ് കേടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പദ്ധതി പരാജയപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തു നിന്ന് കാല്‍നടയായി ഓടിപ്പോയ പ്രതിയെ പിന്നീട് പോലീസ് പിടികൂടി. ആക്രമണം നടത്താനുള്ള തന്റെ ഉദ്ദേശ്യം പ്രതി സമ്മതിച്ചു.
2020 സെപ്റ്റംബറില്‍, വിഷവസ്തു ഉപയോഗിച്ച് ട്രംപിനെ വധിക്കാനുള്ള ഗുരുതരമായ ശ്രമം യു.എസ് അധികാരികള്‍ പരാജയപ്പെടുത്തി. പാസ്‌കേല്‍ ഫെറിയര്‍ എന്ന ഫ്രഞ്ച്-കനേഡിയന്‍ വനിത ആവണക്കെണ്ണയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉയര്‍ന്ന വിഷാംശമുള്ള റിസിന്‍ അടങ്ങിയ കത്ത് വൈറ്റ് ഹൗസിലേക്ക് അയച്ചു. ട്രംപിന്റെ കൈയില്‍ എത്തുന്നതിന് മുമ്പ് മെയില്‍ തരംതിരിക്കല്‍ കേന്ദ്രത്തില്‍ വെച്ച് കത്ത് തടഞ്ഞു. ഫെറിയര്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ കത്തുകള്‍ അയച്ചിരുന്നതായും വ്യക്തമായി. അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ അറസ്റ്റിലായി. വിഷം സ്വയം നിര്‍മ്മിച്ച് പ്രസിഡന്റിന് ഭീഷണി കത്തിന്റെ ഭാഗമായി അയച്ചതായി പിന്നീട് അവര്‍ സമ്മതിച്ചു.
2024 ജൂലൈയില്‍, ഒരു പാകിസ്ഥാന്‍ പൗരന്‍ അമേരിക്കന്‍ ഉന്നത രാഷ്ട്രീയക്കാരെയും പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഗൂഢാലോചന നടത്താന്‍ കൂലിക്കൊലയാളികളെ ചുമതലപ്പെടുാന്‍ ശ്രമിച്ചിരുന്നുവെന്നും യു.എസ് ഉദ്യോഗസ്ഥരും കോടതി രേഖകളും വെളിപ്പെടുത്തി. 2020 ല്‍ ഇറാഖില്‍ ട്രംപ് ഉത്തരവിട്ട് നടത്തിയ യു.എസ് ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനുള്ള ഇറാന്റെ ശ്രമങ്ങളുമായി ഈ ഗൂഢാലോചന ബന്ധപ്പെട്ടിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2025 മെയ് മാസത്തില്‍ പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലൊന്നില്‍ ആക്രമണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കൈയ്യക്ഷര കത്ത് പ്രചരിച്ചതിനെ തുടര്‍ന്ന് യു.എസ് അധികകൃതര്‍ ട്രംപിനെ ലക്ഷ്യം വെച്ചുള്ള ഗുരുതരമായ ഭീഷണി കൈകാര്യം ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. മറ്റൊരു കുടിയേറ്റക്കാരനെ കള്ളക്കേസില്‍ കുടുക്കാനും ക്രിമിനല്‍ കേസില്‍ സാക്ഷി മൊഴി നല്‍കുന്നതില്‍ നിന്ന് തടയാനും ശ്രമിച്ച് ഡെമെട്രിക്‌സ് സ്‌കോട്ട് എന്നയാളാണ് കത്ത് എഴുതിയതെന്ന് കണ്ടെത്തി. പൊതു റാലിക്കിടെ ട്രംപിനെ റൈഫിള്‍ ഉപയോഗിച്ച് വെടിവെക്കുമെന്ന വ്യക്തമായ ഭീഷണി കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതിക്കെതിരെ പിന്നീട് ക്രിമിനല്‍ കുറ്റം ചുമത്തുകയും അയാളെ ശിക്ഷിക്കുകയും ചെയ്തു.



