ജിദ്ദ: അത്യാധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടി ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്റെ (ജെ.എൻ.എച്ച്) നവീകരിച്ച മൾട്ടി-ഫെസിലിറ്റി ആശുപത്രി ഭാഗികമായി പ്രവർത്തനം ആരംഭിച്ചു. ജിദ്ദ നുസ്ഹ ഡിസ്ട്രിക്ടിൽ സജ്ജമാക്കിയ സ്വന്തം കെട്ടിടത്തിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദ് അലി ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജിദ്ദയിലെ പ്രവാസി സമൂഹത്തിനും പ്രാദേശിക ജനവിഭാഗങ്ങൾക്കും ഒരുപോലെ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മൾട്ടി-ഫെസിലിറ്റി ആശുപത്രി ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.പി മുഹമ്മദ് അലി പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആശുപത്രിയുടെ ഔദ്യോഗിക ലോഞ്ചിംഗ്.
എക്സിക്യൂട്ടീവ് ഡയറക്ടർ അലി മുഹമ്മദ് അലി സ്വാഗതം ആശംസിച്ചു. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. സാലെഹ് അൽ സഹ്റാനി മുഖ്യപ്രഭാഷണം നടത്തി. താജ് പോളി ക്ലിനിക് ഡയറക്ടർ മുഹമ്മദ് ചെറിയ, ജെ.എൻ.എച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ മുഷ്താഖ് മുഹമ്മദ് അലി, ഫിനാൻസ് ഡയറക്ടർ അഷ്റഫ് മൊയ്തീൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഷ്ഖാത്ത് മുഹമ്മദ് അലി എന്നിവർ ആശംസകൾ നേർന്നു.
അക്കാദമിക് ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അമീന മുഹമ്മദ് അലി, എൻജിനീയർ മുഹമ്മദ് നവീദ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. അസിയ അൻസാർ ചടങ്ങിൽ അവതാരകയായിരുന്നു. ആരോഗ്യരംഗത്ത് നൂതനമായ മാറ്റങ്ങളുമായി പ്രവർത്തനം തുടങ്ങിയ ജെ.എൻ.എച്ച് വരും ദിവസങ്ങളിൽ കൂടുതൽ വിഭാഗങ്ങൾ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ്.



