ഒരു കരസേനാ മേധാവിയുടെ എഴുത്ത് എന്തുകൊണ്ട് ഇന്ത്യൻ ഭരണാധികാരികളെ വിറളിപിടിപ്പിക്കുന്നു? അധികാരി വർഗത്തിന് ഓശാന പാടുന്ന മുഖ്യധാരാ മാധ്യമങ്ങൾ ചോദിക്കാൻ മടിക്കുന്ന ഈ ചോദ്യം ഏറെ പ്രസക്തമാണ്.
ബിജെപി എം.പി തേജസ്വി സൂര്യ ഇന്ന് ലോക്സഭയിൽ പ്രതിപക്ഷ എംപിമാരുടെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും കുറിച്ച് ചോദ്യം ഉയർത്തിയപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയിൽ നിന്ന് ഇങ്ങനെയൊരു മറുപടി അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, കിരൺ റിജിജു എന്നിവരെയെല്ലാം ചൊടിപ്പിച്ച രാഹുൽ ഗാന്ധിയുടെ ആ പ്രസംഗമാണിപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചാവിഷയമാകുന്നത്. ഇന്ത്യയുടെ മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ “ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി” എന്ന, ഇതുവരെ പുറത്തിറങ്ങാത്ത, അല്ലെങ്കിൽ പുറത്തിറങ്ങാൻ സമ്മതിക്കാത്ത ആത്മകഥയിലെ ചില ഭാഗങ്ങൾ രാഹുൽ ഗാന്ധി സഭയിൽ ഉദ്ധരിച്ചതാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്. നരവനെ കരസേനാ മേധാവിയായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവെക്കുന്ന ഈ പുസ്തകത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ പ്രതിസന്ധിയിലാക്കുന്ന ചില വെളിപ്പെടുത്തലുകളുണ്ട്.
എന്താണ് ആ പുസ്തകത്തിലുള്ളത്?
2020 ഓഗസ്റ്റ് 31-ന് രാത്രി എട്ടേകാലോടെ വടക്കൻ മേഖല കമാൻഡറായിരുന്ന ലഫ്റ്റനന്റ് ജനറൽ യോഗേഷ് ജോഷിക്ക് ലഭിച്ച ഒരു സന്ദേശത്തിൽ നിന്നാണ് തുടക്കം. ഗൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ സൈനിക വിന്യാസം നടത്തിയ കൈലാഷ് മലനിരകളിലെ കുന്നുകൾക്ക് നേരെ ചൈനീസ് ടാങ്കുകൾ നീങ്ങുന്നു എന്നായിരുന്നു ആ സന്ദേശം. സാധാരണ നിലയിൽ പാകിസ്ഥാൻ അതിർത്തിയിലാണെങ്കിൽ തിരിച്ചടിക്കാൻ പ്രാദേശിക കമാൻഡർമാർക്ക് അനുമതിയുണ്ട്. എന്നാൽ ചൈനയുമായുള്ള പ്രശ്നമായതിനാൽ ഉന്നതതലത്തിൽ നിന്നുള്ള ഉത്തരവ് ആവശ്യമായിരുന്നു. ഇതിനായി ജനറൽ നരവനെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പലതവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ നിർദ്ദേശം ലഭിച്ചില്ല. അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരെയും വിവരം അറിയിച്ചു. ഒടുവിൽ രണ്ടര മണിക്കൂറുകൾക്ക് ശേഷമാണ് രാജ്‌നാഥ് സിംഗിൽ നിന്ന് മറുപടി ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ച ശേഷം “സേനയ്ക്ക് ഉചിതമായത് തീരുമാനിക്കാം” എന്നായിരുന്നു മന്ത്രി അറിയിച്ചത്.
ഈ ഭാഗങ്ങളാണ് ഇന്ന് രാഹുൽ ഗാന്ധി സഭയിൽ ഉയർത്തിയത്. “പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ എന്തിന് സഭയിൽ ഉദ്ധരിക്കണം?” എന്നതായിരുന്നു അമിത് ഷാ അടക്കമുള്ളവരുടെ പ്രധാന വാദം.
ഇവർ പറഞ്ഞതുപോലെ ഇത് പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ ആയിരിക്കാം. എന്നാൽ ആ പുസ്തകം എഴുതിയത് മിൽറ്ററി ക്യാമ്പുകളിലെ ഒരു പാചകക്കാരനോ സാധാരണ സൈനികനോ അല്ല. 2019 ഡിസംബർ മുതൽ 2022 ഏപ്രിൽ വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്ന ജനറൽ മനോജ് മുകുന്ദ് നരവനെയാണ്. കരസേനാ മേധാവിയായ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത് കൊണ്ട് തന്നെ ഇതിലെ കാര്യങ്ങൾ ഒരിക്കലും തള്ളിക്കളയാൻ ആവില്ല.


താൻ വായിക്കുന്നത് ‘കാരവൻ‘ മാഗസിനിൽ പ്രസിദ്ധീകരിച്ച ഭാഗങ്ങളാണെന്ന് വ്യക്തമാക്കിയിട്ടും അത് പൂർത്തിയാക്കാൻ സ്പീക്കർ അനുവദിച്ചില്ല എന്നതും ശ്രദ്ധേയമാണ്. രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപി നേതാക്കൾ, എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്നത്? അതോ രാഹുൽ ഗാന്ധി ആരോപിക്കുന്നത് പോലെ അവർക്ക് ദേശസുരക്ഷ കാര്യങ്ങളിൽ കൃത്യമായ നിലപാടില്ലേ?.
അതേ സമയം, രാഹുൽ ഗാന്ധി എന്തുകൊണ്ട് ഒരു ആവശ്യവുമില്ലാതെ ഈ കാര്യങ്ങൾ ലോക്സഭയിൽ അവതരിപ്പിച്ചു എന്നും ചോദിക്കുന്നവരുണ്ട്. പ്രതിപക്ഷ നേതാക്കളുടെ രാജ്യസ്നേഹത്തെക്കുറിച്ച് ചോദ്യം ഉയർത്താൻ തേജസ്വി സൂര്യയ്ക്ക് അവകാശമുണ്ടെങ്കിൽ, അതിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്കും അവകാശമുണ്ട്.


സാധാരണ പൗരന്റെ ശബ്ദമായ വിവരാവകാശ നിയമത്തിന് വരെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന സർക്കാർ, ഇപ്പോൾ ഒരു ജനപ്രതിനിധിയുടെ ശബ്ദത്തിന് പോലും തടയിടുകയാണോ എന്ന ചോദ്യമാണ് ഈ സംഭവത്തോടെ ഉയരുന്നത്.
ജവാഹർലാൽ നെഹ്‌റുവിന്റെ കാലഘട്ടം മുതൽ ഇന്ത്യൻ പാർലമെന്റിൽ അനുവാദിച്ച ആവിഷ്കാര സ്വാതന്ത്ര്യവും സംവാദ സാഹചര്യവും ഇല്ലാതാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് ശശി തരൂർ പറയുന്നതും വളരെയേറെ സത്യമാണ്.
पूर्व सेना प्रमुख का बयान उजागर कर देगा कि मोदी जी और राजनाथ जी ने सेना को कैसे निराश किया।
— Rahul Gandhi (@RahulGandhi) February 2, 2026
अपने पर्दाफ़ाश के डर से वो मुझे संसद में बोलने नहीं दे रहे। pic.twitter.com/RfznNHSLmx



