അമേരിക്കയിൽ സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ് ഏതെങ്കിലും വിധത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ. കാലാവസ്ഥ അടുത്തപ്പോൾ ഏതൊരു ദിവസത്തേയും പോലെ അവർക്ക് പ്രളയ മുന്നറിയിപ്പും ലഭിച്ചു. പക്ഷേ അവർ അത് കാര്യമാക്കിയതേയില്ല, കാരണം കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത് 12.7 മുതൽ 17.8 സെന്റിമീറ്റർ മഴ മാത്രമാണ്. അത് അവിടെ സ്ഥിരമായി പെയ്യുന്ന മഴയും സ്ഥിരമായി ലഭിക്കുന്ന മുന്നറിയിപ്പും ആണ്.
സമയം പുലർച്ചെ നാല് മണി, കെർവില്ലെ സിറ്റി മാനേജർ ആയ ഡാൽറ്റൺ റൈസ് പതിവ് പോലെ നടക്കാൻ ഇറങ്ങിയപ്പോഴും പ്രശ്നങ്ങൾ ഒന്നും തന്നെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ സമയം 5.20 ആകുമ്പോഴേക്കും കണക്ക് കൂട്ടലുകൾക്ക് അപ്പുറത്തേക്ക് വെള്ളം ഉയർന്ന് പൊങ്ങി. അവിടെ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത വിധത്തിൽ അപ്പോഴേക്കും വെള്ളം ഉയർന്നു കഴിഞ്ഞിരുന്നെന്ന് റൈസ് പറയുന്നു. എല്ലായിപ്പോഴും ലഭിച്ച് കൊണ്ടിരിക്കുന്നതിനാൽ തന്നെ ആളുകൾക്ക് മുന്നറിയിപ്പുകളോടുള്ള ഭയം നഷ്ടമായിട്ടുണ്ടായിരുന്നെന്നും റൈസ് കൂട്ടിചേർത്തു.


വെള്ളിയാഴ്ച അർധരാത്രി മുതൽ തന്നെ ശക്തമായി മഴ പെയ്യുന്നുണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ആളുകൾ ഉറങ്ങുന്ന സമയമായതിനാൽ തന്നെ, മുന്നറിയിപ്പുകളോട് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല എന്നും വെള്ളം ഉയരുന്നത് അറിയാൻ ഉള്ള സാധ്യത വളരെ കുറവാണ് എന്നുമാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇതിൽ തന്നെ 1.14 ന് ആണ് ആദ്യത്തെ മിന്നൽ പ്രളയത്തിനുള്ള മുന്നറിയിപ്പ് ലഭിക്കുന്നത് എന്നും ടെക്സാസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്യുന്നു.
മരണപ്പെട്ടവരുടെയും കുട്ടികളുടെയും കണക്കുകൾ വർധിച്ചുവരികയാണ്. നിലവിൽ 15 കുട്ടികൾ അടക്കം 43 പേരാണ് മരണപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്തെ തന്നെ വളരെ അറിയപ്പെടുന്ന മിസ്റ്റിക് കാമ്പിൽ നിന്ന് വരുന്ന വാർത്തകളും ശുഭകരമല്ല. രണ്ട് കുട്ടികൾ മരണപ്പെടുകയും ഏതാണ്ട് 27 പെൺകുട്ടികൾ കാണാതായെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
തീരാനൊമ്പരമായി മിസ്റ്റിക് ക്യാമ്പ്


ടെക്സാസിലെ കെർകൗണ്ടി എന്ന പ്രദേശത്ത്, ഗ്വോഡലൂപെ നദിയുടെ തീരത്ത്, ഏതാണ്ട് 700 ഏക്കർ പരന്ന് കിടക്കുന്ന ക്രിസ്ത്യൻ പെൺകുട്ടികൾക്കായി ഒരുക്കുന്ന വേനൽകാല ക്യാമ്പ് ആണ് മിസ്റ്റിക്. അമേരിക്കയിലെ പല പൗര പ്രമുഖരും 1926 ൽ ആരംഭിച്ച ഈ ക്രിസ്ത്യൻ വേനൽകാല ക്യാമ്പിന്റെ പൂർവ്വ കാല വിദ്യാർത്ഥികളാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷിന്റെ ഭാര്യയായ ലോറ ബുഷ് ആയിരുന്നു ഈ കാമ്പിന്റെ ആദ്യ കാല കൗൺസിലർ. 7 മുതൽ 17 വയസ് പ്രായമുള്ള 750 ഓളം വരുന്ന പെൺകുട്ടുകൾക്കായി ഒരുക്കുന്ന ക്യാമ്പിൽ ക്രിസ്ത്യൻ മത വിദ്യാഭ്യാസത്തിന് പുറമേ കനോയിങ്, കയാകിങ്, അമ്പെയ്ത് തുടങ്ങിയവയും പഠിപ്പിച്ച് കൊടുക്കാറുണ്ട്.


വ്യാഴാഴ്ച ദിവസം തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ടെക്സാസിലെ ഭരണസംവിധാനങ്ങൾ അത്രയും 7.6 മുതൽ 15.2 സെന്റിമീറ്റർ വരെ മഴ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, പെയ്തതാകട്ടെ 25.4 സെന്റിമീറ്റർ മഴ. സൂര്യൻ ഉദിച്ച് ഉയരുന്ന സമയത്ത്, വെറും 45 മിനിറ്റ് കൊണ്ട് വെള്ളം ഉയർന്നത് 26 അടി ഉയരത്തിൽ. മിസ്റ്റിക് കാമ്പിനെന്നല്ല രാജ്യത്തിന് പോലും വാണിങ് സിസ്റ്റം ഇല്ലെന്നാണ് കെർകൗണ്ടിയിലെ ഉദ്യോഗസ്ഥനായ റോബ് കെല്ലി പറയുന്നത്.


വെള്ളിയാഴ്ച വൈകുന്നേരം മുതൽ തന്നെ കാമ്പിലെ ജീവനക്കാർ ക്യാമ്പ് ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവ എത്തിചേർന്നിട്ടുണ്ട്. നിലവിൽ കാണാതായ കുട്ടികളുടെ എണ്ണം 27 ആണെന്നാണ് ടെക്സാസിലെ ഔദ്യോഗികമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 36 മണിക്കൂറിന് ശേഷവും ഇവരെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല എന്നത് ഏറെ സങ്കടപ്പെടുത്തുന്ന കാര്യമാണ്. മൗണ്ട്യൻ ബ്രൂക്കിൽ നിന്നുള്ള 8 വയസ്സുകാരിയുടെ മരണ വാർത്തകളും ഉള്ളുലക്കുന്നതാണ്.
മരണം പതിയിരിക്കുന്ന ഗ്വോഡലൂപെ


രാജ്യത്തെ ഏറ്റവും അപകടരമായ നദിയാണ് ഗ്വോഡലൂപെ. ചരിത്രപരമായി തന്നെ നിരവധി വെള്ളപൊക്കങ്ങൾക്കും മലവെള്ളപാച്ചിലുകൾക്കും കാരണമായ ഗ്വോഡലൂപെ, ഉള്ളുലക്കുന്ന നിരവധി മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണക്കാരനായിട്ടുണ്ട്.
മലമുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന ഗ്വോഡലൂപെ വളരെ വീതി കുറഞ്ഞ നദിയാണ്. വീതി കുറവായതിനാൽ തന്നെ ചെറിയ മഴ മലമുകളിൽ നിന്നും ഒഴുകി വരുന്ന നദിയോട് ചേർന്ന് വളരെ വേഗത്തിലായിരിക്കും ഒഴുകുക. ടെക്സാസ് ഉൾപ്പെടുന്ന ഈ പ്രദേശങ്ങൾ അത്രയും കൊടുങ്കാറ്റുകൾ സ്ഥിരമായി സംഭവിക്കുന്നതിനാലായതിനാൽ കനത്ത മഴക്ക് ഉള്ള സാധ്യതയും ചെറുതല്ല. നദിയുടെ അടിത്തട്ടിലാകട്ടെ ഉരുളൻ കല്ലുകളും ലൈംസ്റ്റോണും ആയതിനാൽ വെള്ളത്തിൻറെ ഒഴുക്കും വളരെ കൂടുതലായിരിക്കും.
പെട്ടെന്നുള്ള മഴയും ക്രമാതീതമായ വെള്ളത്തിന്റെ ഉയർച്ചയും ആണ് വെള്ളപൊക്കത്തിനായി സംസ്ഥാനം നൽകുന്ന മുന്നറിയിപ്പുകൾക്കുള്ള പ്രധാന പരിമിധി. അറിയിപ്പ് നൽകുമ്പോൾ കാര്യമായ പ്രശ്നം കാണാതിരിക്കുന്ന പ്രദേശ വാസികൾ മുന്നൊരുക്കം നടത്താതെ ഇരിക്കുകയും, പൊടുന്നനെ വെള്ളം ഉയരുകയുമാണ് അപകടത്തിന് വഴി വെക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
1987 ജൂലൈയിൽ ഉണ്ടായ വെള്ളപൊക്കത്തിൽ 31.5 അടിയാണ് വെള്ളം ഉയർന്നത്. ആ സംഭവത്തിൽ കാമ്പിലുണ്ടായിരുന്ന 10 കുട്ടികളാണ് മരണപ്പെട്ടത്. 1952 ൽ 5 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 450 വീടുകളും ആ പ്രളയത്തിൽ നശിച്ചിരുന്നു. 78 ൽ 10 മരണങ്ങളും, 98 ൽ 31 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 125 ബില്ല്യൺ ഡോളർ നഷ്ടമുണ്ടായ 2017 ലെ ഹാർവെ കൊടുങ്കാറ്റിലും ഗ്വോഡലൂപെ ഉണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല.
നടപടിക്രമങ്ങൾ; പ്രളയത്തിന് മുമ്പും ശേഷവും
1.18 നാണ് കാലാവസ്ഥ വകുപ്പ് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകുന്നത്. തുടർന്ന് നിരന്തരമായ മുന്നറിയിപ്പ് നൽകിയതായും കാലാവസ്ഥ വകുപ്പ് പറയുന്നുണ്ട്. എന്നാൽ പ്രദേശ വാസികളും, അധികാരികളും ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട്. “ആരും കണ്ടില്ല അത് സംഭവിക്കുന്നത്” എന്ന്


“ഞങ്ങൾക്കറിയാം മഴപെയ്യുമെന്ന്, ഞങ്ങൾക്കറിയാം വെള്ളം ഉയരുമെന്ന്, പക്ഷേ ആരും കണ്ടില്ല അത് സംഭവിക്കുന്നത്.” സംഭവത്തെ കുറിച്ച് കെർകൗണ്ടിയിലെ ഉന്നതതല അധികാരി റോബ് കെല്ലി അപകടത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ചുഴലിക്കാറ്റ് അറിയിക്കുന്നതിനായി നമുക്ക് ബാഹ്യമായ സൈറൺ സിസ്റ്റം ഉണ്ടായിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായി നമ്മൾ അത് എടുത്തു കളഞ്ഞപ്പോൾ വില കൊടുക്കേണ്ടി വന്നത് ജനങ്ങളാണ് എന്നും റോബ് കെല്ലി പറയുന്നു.
നിരന്തരമായി ലഭിക്കുന്ന മുന്നറിയിപ്പുകൾ ആണ് പ്രശ്നം എന്ന് പറയുന്നവരും ഉണ്ട്. പ്രദേശ വാസിയായ ക്രിസ്റ്റഫർ ഫ്ലവേഴ്സ് പറയുന്നതിങ്ങനെയാണ്: “വേണ്ടത് ബാഹ്യമായ മുന്നറിയിപ്പ് സംവിധാനമാണ്, ആളുകളോട് ഇപ്പോൾ പുറത്തിറങ്ങാൻ പറയുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പോലെ ഒന്ന്.”


ശനിയാഴ്ച ദിവസം കാലാവസ്ഥ പ്രവചനക്കാർക്ക് എത്ര മഴ പെയ്യുമെന്ന് മുൻകൂട്ടി കാണാൻ പ്രയാസം നേരിട്ടു എന്നാണ് യുഎസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി ക്രിസ്റ്റി നോം പറയുന്നത്. രാജ്യത്തെ കാലാവസ്ഥ വകുപ്പിന്റെ സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുക എന്നതാണ് ട്രംപ് ഭരണകൂടം ഇനി മുൻഗണന നൽകുന്ന കാര്യം എന്നും നോം പറഞ്ഞു. എല്ലാവർക്കും വേണ്ടത് കുറച്ചുകൂടി സമയം ആണ്. വീട് വിട്ടിറങ്ങാനും, വീട്ടിൽ അധിക നേരം ഇരിക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ എന്നും അതിനാലാണ് ട്രംപ് ഭരണകൂടം മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഒരുക്കുന്നതെന്നും അതാണ് ഇത്രയും കാലം അവഗണിക്കപ്പെട്ട് കൊണ്ടിരുന്നതെന്നും നോം കൂട്ടിചേർത്തു.
ഓസ്റ്റിൻ, സാൻ അന്റോണിയോ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്ന, ന്യൂ ബ്രൗൺഫെൽസിലെ നാഷണൽ വെതർ സർവീസ് ഓഫീസിൽ കൊടുങ്കാറ്റ് സമയത്ത് അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് റുന്യൻ പറഞ്ഞു. തെളിഞ്ഞ കാലാവസ്ഥയിൽ സാധാരണയായി രണ്ട് കാലാവസ്ഥാ പ്രവചനക്കാർ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടാകുമെങ്കിലും, അത് നിലവിൽ അഞ്ച് പേർ വരെ ആയി ഉയർത്തിയിട്ടുണ്ടെന്നും റുന്യൻ പറഞ്ഞു.