ന്യൂദൽഹി: ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിനു നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് ഇന്ത്യൻ നാവികരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് അങ്ങേയറ്റം ദുഃഖകരമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നിലവിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂന്നാമത്തെ മൃതദേഹം കണ്ടെത്താനായിട്ടില്ല. പലാവു പതാക വഹിച്ച ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇറാനിൽ നിന്ന് എണ്ണ കൊണ്ടുപോവുകയായിരുന്ന കപ്പൽ, തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് സൈന്യം ആക്രമിച്ചതെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചതിലൂടെ സെറ്റെബെല്ലോ നിലവിലുള്ള യു.എസ് ഉപരോധം ലംഘിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. കപ്പലിന്റെ യാത്ര തടയുന്നതിനായി എഞ്ചിൻ റൂമിലേക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് യു.എസ് സൈന്യം പറയുന്നത്.
ആക്രമണത്തിൽ ഇന്ത്യ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ യു.എസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ (ചാർജ് ഡി അഫയേഴ്സ്) വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തിയത്. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് കപ്പൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയതായും മൂന്ന് പേരെ കാണാതായതായും ഇന്ത്യൻ വിദേശ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.



