ലണ്ടൻ: ലണ്ടനിൽ ഫ്ലാറ്റിന്റെ മുകൾ നിലയിലെ ജനൽ വഴി പുറത്തിറങ്ങി ഉയരത്തിൽ തൂങ്ങിനിന്ന കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി മലപ്പുറത്തുനിന്നുള്ള യുവാവും പോലീസ് ഉദ്യോഗസ്ഥനും. ലണ്ടനിലെ തെരുവിലുള്ള ‘H&T Pawnbrokers’ എന്ന സ്ഥാപനത്തിന് മുകളിലെ ഫ്ലാറ്റിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന രീതിയിൽ കുഞ്ഞ് ജനൽ വരികളിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് തെരുവിൽ ആളുകൾ പരിഭ്രാന്തരായി തടിച്ചുകൂടി. കുട്ടിയെ താഴെനിന്ന് താങ്ങാനായി ചിലർ കൈകൾ നീട്ടുകയും ചെയ്തു. ഇതിനിടെ, കടയുടെ മുകളിലെ ഷെഡിലേക്ക് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥൻ കയറുകയും ചെയ്തു. ഉടൻ തന്നെ മലപ്പുറം എടപ്പാൾ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ജാസിലും മുകളിലേക്ക് കയറി. ഏതു നിമിഷവും കുഞ്ഞ് താഴേക്ക് പതിക്കുമെന്ന് ഉറപ്പായിരുന്നു. താഴെ കുഞ്ഞിനെ പിടിക്കാനായി നിലയുറപ്പിച്ച് മുഹമ്മദ് ജാസിലിന്റെ കൈകളിലേക്ക് കുഞ്ഞ് വീഴുകയും സംരക്ഷിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ താഴെയുള്ള ജനലിലൂടെ തിരികെ ഫ്ലാറ്റിനുള്ളിലേക്ക് സുരക്ഷിതമായി കയറ്റുകയും ചെയ്തു.
ആലങ്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സുലൈമാൻ മാന്തടത്തിന്റെ മകനാണ് ജസീൽ. കുഞ്ഞിനെ സുരക്ഷിതമായി ഉള്ളിലേക്ക് മാറ്റിയതോടെ തെരുവിൽ ശ്വാസമടക്കിപ്പിടിച്ചു നിന്ന ജനങ്ങൾ കയ്യടികളോടെയാണ് രക്ഷാപ്രവർത്തകരെ വരവേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.



