തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയല്ലെന്ന്, ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈനിക ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ കുറിച്ച് പ്രതികരിച്ച് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയല്ല, മറിച്ച് ഇറാനും ഒമാനും പങ്കിടുന്ന ജലപാതയാണ്. ഇത് യു.എസ് തീരത്ത് നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ്. സമുദ്ര അതിര്‍ത്തികള്‍ തികച്ചും വ്യക്തമാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറാഖ്ജി എഴുതി.
നമ്മുടെ ധീരരായ സായുധ സേന ഇറാന്‍ വ്യോമ, കര, ജലാതിര്‍ത്തികള്‍ ലംഘിക്കുന്നതിനെതിരെ നിരന്തരം ജാഗ്രതയിലാണ്. നമ്മുടെ പ്രദേശത്തിനടുത്തുള്ള വിദേശ സേനകള്‍ അവരുടെ മാനുഷിക പിഴവുകള്‍, അപകടങ്ങള്‍, ക്രോസ്ഫയര്‍ എന്നിവയില്‍ അകപ്പെടാനുള്ള സാധ്യത കാരണം നിരന്തരം അപകടത്തിലാണെന്ന് അറാഖ്ജി മുന്നറിയിപ്പ് നൽകി. ശത്രുതാപരമായ സാന്നിധ്യത്തിന് ഒരിക്കലും അനുകൂലമല്ലാത്ത ഒരു അന്തരീക്ഷത്തില്‍ നിന്ന് വിദേശ സേനകള്‍ എത്രയും വേഗം പിന്മാറുക എന്നതാണ് അപകടസാധ്യതകള്‍ കുറക്കാന്‍ ഏറ്റവും നല്ല പോംവഴി. ഇറാന്‍ നയതന്ത്രത്തിന്റെ ഭാഷയാണ് ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, നമ്മുടെ ധീരരായ സൈനികര്‍ ലോകത്തിന് കാണിച്ചുകൊടുത്തതുപോലെ, മറ്റ് ഭാഷകള്‍ സംസാരിക്കുന്നതിലും ഞങ്ങള്‍ സമര്‍ഥരാണെന്ന് ഇറാന്‍ വിദേശ മന്ത്രി വ്യക്തമാക്കി.



