തെല്‍അവീവ് – ലെബനോനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അസാധുവാണെന്ന് ഇസ്രായില്‍. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ നിരാകരിച്ചെന്നും ഇസ്രായില്‍ സൈന്യത്തിനും നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയെന്നും ഇസ്രായില്‍ അധികൃതര്‍ വാദിച്ചു. ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്നലെ വ്യോമാക്രമണം നടത്തി. വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്. ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രായില്‍ അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നു. സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കുന്നത് ഒഴിവാക്കാനുള്ള ആഗ്രഹം ഇസ്രായില്‍ അമേരിക്കക്ക് മുന്നില്‍ പ്രകടിപ്പിച്ചതായും ഇസ്രായില്‍ വൃത്തങ്ങള്‍ പറഞ്ഞു. വ്യോമാക്രമണത്തെ ഇസ്രായിലിന്റെ സ്വതന്ത്രമായ തീരുമാനമെടുക്കലിന്റെ തെളിവായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അടുത്ത വൃത്തങ്ങള്‍ ശ്രമിച്ചു.
ലെബനോനിലെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ ഇസ്രായില്‍ കൂടുതല്‍ കൃത്യത പാലിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സര്‍ജിക്കല്‍ ടാര്‍ഗെറ്റിംഗിന്റെ പ്രാധാന്യം ട്രംപ് ഊന്നിപ്പറഞ്ഞു. ലെബനോനില്‍ മെച്ചപ്പെട്ട ജീവിതം കാണാന്‍ താന്‍ ആഗ്രഹിക്കുന്നു. ഇറാനുമായുള്ള ഒരു ഹ്രസ്വകാല കരാറിലും ലെബനോന്‍ ഭാഗമാകണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.



