ജിദ്ദ – വിമാനനിരയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ലൈനുകളില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) മൂന്നാം സ്ഥാനത്ത്. നിലവിലുള്ള വിപുലീകരണ, ആധുനികവല്‍ക്കരണ പദ്ധതികള്‍ അനുസരിച്ച് 2026 അവസാനത്തോടെ സൗദിയ വിമാനങ്ങളുടെ എണ്ണം 161 ആകും. 263 വിമാനങ്ങളുമായി എമിറേറ്റ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. 240 വിമാനങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ് രണ്ടാം സ്ഥാനത്താണ്. 127 വിമാനങ്ങളുമായി ഇത്തിഹാദ് എയര്‍വേയ്സ് നാലാം സ്ഥാനത്തും 95 വിമാനങ്ങളുമായി ഫ്‌ളൈ ദുബായ് അഞ്ചാം സ്ഥാനത്തുമാണ്.
പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍ വികസിപ്പിക്കുക, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് പുതിയ എയര്‍ബസ് വിമാനങ്ങള്‍ സ്വന്തമാക്കുന്നതിലൂടെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് തങ്ങളുടെ വിമാനനിര വികസന തന്ത്രം തുടര്‍ച്ചയായി നടപ്പാക്കുന്നു. ഭാവിയിലെ വളര്‍ച്ചയെ പിന്തുണക്കാനായി സ്വദേശി ജീവനക്കാരുടെ ശേഷികള്‍ വികസിപ്പിക്കുന്നതിനൊപ്പം ഈ വര്‍ഷാവവസാനത്തോടെ മൊത്തം വിമാനങ്ങളുടെ എണ്ണം 161 ല്‍ എത്തുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.



