തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി ഇറാന്‍ വ്യക്തമാക്കി. ലെബനോന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലെയും ആക്രമണം അവസാനിപ്പിക്കുക, ഇറാന് സമീപ പ്രദേശങ്ങളില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുക, യു.എസ്-ഇസ്രായില്‍ യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവ അടങ്ങിയ സമാധാന നിര്‍ദ്ദേശമാണ് ഏറ്റവും ഒടുവില്‍ അമേരിക്കക്ക് സമര്‍പ്പിച്ചത്. ഉപരോധങ്ങള്‍ പിന്‍വലിക്കല്‍, മരവിപ്പിച്ച സ്വത്തുക്കള്‍ മോചിപ്പിക്കല്‍, രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കല്‍ എന്നിവയും ഇറാന്‍ ആഗ്രഹിക്കുന്നതായി ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതി അംഗങ്ങളോട് പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് നിര്‍ദ്ദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണത്തെ കുറിച്ച് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇറാന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ ഗരീബാബാദിയുടെ പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിച്ചു. നേരത്തെ ഇറാന്‍ സമര്‍പ്പിച്ച ഓഫര്‍, ചവറ് എന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച നിരസിച്ചിരുന്നു. ഇറാന്‍ അമേരിക്കക്ക് പുതിയ സമാധാന നിര്‍ദ്ദേശം അയച്ചതിനെ തുടര്‍ന്ന് ഇറാനെതിരായ ആക്രമണങ്ങള്‍ പുനരാരംഭിക്കാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ഇറാന്റെ ആണവ പദ്ധതി തടയാനുള്ള ഒരു കരാറിലെത്താന്‍ ഇപ്പോള്‍ വളരെ നല്ല അവസരം ഉണ്ടെന്നും ട്രംപ് ഇന്നലെ പറഞ്ഞു. ആഗോള എണ്ണ വിതരണത്തിനും മറ്റ് സാധനങ്ങള്‍ക്കും പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കരാറിലെത്താനുള്ള സമ്മര്‍ദ്ദത്തില്‍, സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കാനുള്ള കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു. ആണവായുധം നേടുന്നതില്‍ നിന്ന് ഇറാനെ തടയുന്ന കരാറില്‍ എത്താന്‍ കഴിയുമെങ്കില്‍ അമേരിക്ക തൃപ്തമാകുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇരുപക്ഷത്തിനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ ഏറ്റവും പുതിയ ഇറാന്‍ നിര്‍ദ്ദേശത്തെ കുറിച്ച് അമേരിക്കയെ അറിയിച്ചതായി പാകിസ്ഥാന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇരുപക്ഷവും അവരുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നത് തുടരുകയാണെന്നും പാകിസ്ഥാന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒരു മാസമായി നിര്‍ത്തിവെച്ചിരിക്കുന്ന ചര്‍ച്ചകളില്‍ ഇരുപക്ഷവും പരസ്യമായി ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അമേരിക്ക ചില ആവശ്യങ്ങള്‍ മയപ്പെടുത്തിയേക്കാമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ബില്യണ്‍ കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നാലിലൊന്ന് വിട്ടുകൊടുക്കാന്‍ അമേരിക്ക സമ്മതിച്ചതായാണ് റിപ്പോർട്ട്. മുഴുവന്‍ ആസ്തികളും വിട്ടുകൊടുക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ഇറാനെ സമാധാനപരമായ ചില ആണവ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സമ്മതിച്ചുകൊണ്ട് അമേരിക്ക കൂടുതല്‍ വഴക്കം കാണിച്ചുവെന്ന് ഇറാന്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ചര്‍ച്ചകളില്‍ ഒന്നും സമ്മതിച്ചതായി അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ എണ്ണയുടെ മേലുള്ള ഉപരോധങ്ങള്‍ നീക്കാന്‍ ചര്‍ച്ചകള്‍ക്കിടെ അമേരിക്ക സമ്മതിച്ചെന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്നീം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് യു.എസ് ഉദ്യോഗസ്ഥന്‍ നിഷേധിച്ചു.



