വാഷിംഗ്ടൺ: ഇറാന്റെ ആണവ പരിപാടികളിൽ പൂർണ്ണ യൂറേനിയം സമ്പുഷ്ടീകരണ നിരോധനം വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത പിടിവാശി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെ പൂർണ്ണമായി തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനായ മാറ്റ് ഡസ്. സമാധാനപരമായ ഒരു കരാറിലെത്തുന്നതിന് പകരം വാഷിംഗ്ടണിനെ ഇറാനുമായി ഒരു വലിയ യുദ്ധത്തിലേക്ക് തള്ളിവിടാനാണ് ഈ നയം ഉപകരിക്കുകയെന്ന് മാറ്റ് ഡസ് ചൂണ്ടിക്കാട്ടി. സെന്റർ ഫോർ ഇന്റർനാഷണൽ പോളിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപിന്റെ ഇറാൻ നയത്തെ രൂക്ഷമായി വിമർശിച്ചത്.
ഇസ്രയിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വാഷിംഗ്ടണിലെ യുദ്ധക്കൊതിമാരും ചേർന്ന് ഡൊണാൾഡ് ട്രംപിന്റെ മേൽ അടിച്ചേൽപ്പിച്ച ഒരു വിഷഗുളികയാണ് ഈ ആവശ്യമെന്ന് മാറ്റ് ഡസ് തുറന്നടിച്ചു. ഇവർക്ക് ഇറാനുമായി ഒരു സമാധാന കരാറിലെത്താൻ താല്പര്യമില്ലെന്നും, മറിച്ച് മേഖലയിൽ ഒരു യുദ്ധം ഉണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തെറ്റായ നയം തിരുത്താൻ ട്രംപ് തയ്യാറായാൽ മാത്രമേ ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയ്ക്കുള്ളിൽ നിന്നുതന്നെ ട്രംപിന്റെ വിദേശനയത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ട്രംപിന്റെ ഇറാൻ വിരുദ്ധ നയങ്ങൾ കാരണം അമേരിക്കയ്ക്കുള്ളിൽ ഇന്ധനവില കുതിച്ചുയരുകയാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫിയും ആരോപിച്ചു. കണക്റ്റിക്കട്ടിൽ ഗാലന് 5 ഡോളറും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾ വില 6 ഡോളറിലും എത്തിനിൽക്കുകയാണ്. ഡീസൽ വിലയും 6 ഡോളറിലേക്ക് ഉയർന്നതോടെ അമേരിക്കയിലെ കർഷകരും ചെറുകിട വ്യാപാരികളും ഗതാഗത മേഖലയും പൂർണ്ണമായി തകർച്ചയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ വിനാശകരമായ യുദ്ധനയങ്ങളാണ് സാധാരണക്കാരായ അമേരിക്കൻ ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.



