ജിദ്ദ: സൗദി അറേബ്യയിൽ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന് ശക്തമായ അടിത്തറ പാകിയ പ്രമുഖ മാധ്യമപ്രവർത്തകനും വ്യവസായിയുമായ മുഹമ്മദലി ഹാഫിസ് (92) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ മദീനയിൽ നടക്കും. പ്രമുഖ സൗദി ഇംഗ്ലീഷ് ദിനപത്രമായ ‘അറബ് ന്യൂസിന്റെ’ സ്ഥാപക പത്രാധിപരും ഉടമയുമായിരുന്നു.
സൗദി റിസർച്ച് ആൻഡ് പബ്ലിഷിങ് കമ്പനി (SRPC) സ്ഥാപിച്ചത് ഹാഫിസ് കുടുംബമാണ്. മദീന സ്വദേശികളായ ഹാഫിസ് സഹോദരങ്ങൾ പിതാവ് അബ്ദുൽ ഖാദർ ഹാഫിസിന്റെ തണലിൽ ‘അൽ മദീന’ പത്രം ആരംഭിച്ചുകൊണ്ടാണ് മാധ്യമരംഗത്ത് വിപ്ലവം കുറിച്ചത്. മാധ്യമപ്രവർത്തനത്തിന് പുറമെ, മദീന ട്രാൻസ്‌പോർട്ട് കമ്പനി ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങളും ഇവർ നടത്തിയിരുന്നു. മലയാളികൾ അടക്കം നൂറുകണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകിയ അദ്ദേഹം മികച്ചൊരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളുടെ തുടക്കത്തിൽ സൗദിയിലുണ്ടായ അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ചയുടെ കാലത്ത്, രാജ്യത്തെത്തിയ ദശലക്ഷക്കണക്കിന് വിദേശികൾക്കായി ഒരു ഇംഗ്ലീഷ് ദിനപത്രം എന്ന ലക്ഷ്യത്തോടെയാണ് ഹാഫിസ് സഹോദരങ്ങൾ മുന്നിട്ടിറങ്ങിയത്. അക്കാലത്ത് വിദേശഭാഷാ പത്രങ്ങളോ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരോ രാജ്യത്തില്ലാതിരുന്നിട്ടും ഹിഷാം ഹാഫിസും മുഹമ്മദലി ഹാഫിസും ഈ വെല്ലുവിളി ഏറ്റെടുത്തു.
രാജകൊട്ടാരം ഉപദേശകനായിരുന്ന ശൈഖ് കമൽ അദ്ഹം, പ്രിൻസ് തുർക്കി അൽ-ഫൈസൽ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഇവരോടൊപ്പം യു.എസിലെ വിദ്യാഭ്യാസവും ഏദനിലെ പത്രപ്രവർത്തന പരിചയവുമുള്ള ഫാറൂഖ് ലുഖ്മാൻ കൂടി ചേർന്നതോടെ സൗദിയിലെ ആദ്യ ഇംഗ്ലീഷ് പത്രത്തിന് ജീവൻവെച്ചു. തുടക്കത്തിൽ പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പിന്നീട് ബ്രിട്ടൻ, യു.എസ് എന്നിവിടങ്ങളിൽ നിന്നും മാധ്യമപ്രവർത്തകരെ എത്തിച്ചായിരുന്നു പ്രവർത്തനം. സ്വന്തം പണം മുടക്കി പ്രിന്റിംഗ് യന്ത്രങ്ങൾ വാങ്ങി ഒരു ചെറിയ വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. പാരമ്പര്യമായി മാധ്യമരംഗത്തുണ്ടായിരുന്ന ഈ സഹോദരങ്ങൾ പിന്നീട് അറബിലെ ആദ്യ അന്താരാഷ്ട്ര ദിനപത്രമായ ‘അശ്ശർഖ് അൽ-ഔസത്’, സ്ത്രീകളുടെ മാസികയായ ‘സയ്യിദതി’, പുരുഷന്മാർക്കായുള്ള ‘അർറജുൽ’ തുടങ്ങി പന്ത്രണ്ടോളം വൻ വിജയങ്ങളായ പ്രസിദ്ധീകരണങ്ങളാണ് ലോകത്തിന് സമ്മാനിച്ചത്.
വി. പി. മുഹമ്മദലി അനുശോചിച്ചു:
മുഹമ്മദലി ഹാഫിസിന്റെ നിര്യാണത്തിൽ പ്രമുഖ മലയാളി വ്യവസായിയും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ വി. പി. മുഹമ്മദലി അനുശോചിച്ചു. തന്റെ പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഹാഫിസ് സഹോദരങ്ങൾ നൽകിയ വ്യക്തിപരമായ പിന്തുണയും സഹായങ്ങളും മറക്കാനാവാത്തതാണെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ ജന്മഗ്രാമത്തിൽ ‘ഹാഫിസ് മസ്ജിദ്’ എന്ന പേരിൽ പള്ളി സ്ഥാപിക്കുന്നതിനായി ഈ കുടുംബം നൽകിയ ഉദാരമായ സഹായവും വി. പി. മുഹമ്മദലി ഓർത്തെടുത്തു.



