റിയാദ്: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് റിയാദില്‍ നിന്ന് പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് യാത്രയയപ്പ് നല്‍കി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി തീര്‍ഥാടകരും പ്രവാസി പ്രമുഖരും പങ്കെടുത്തു. റിയാദില്‍ നിന്ന് ഖുദ്‌സ് ഉള്‍പ്പെടെയുള്ള വിവിധ ഹംലകള്‍ വഴി ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ഐ.സി.എഫ് റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ നയിച്ച പ്രതിവാര ഹജ്ജ് പഠന ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചത്. തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും സംശയങ്ങള്‍ ദൂരീകരിച്ച് കൃത്യതയോടെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും നടത്തി വരുന്ന ഐ സി എഎഫ് പഠന ക്ലാസുകളുടെ തുടര്‍ച്ചയാണു ഈ വര്‍ഷവും ക്ലാസുകള്‍ സംഘടിപ്പിച്ചത്. യാത്രയിലും മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലുമുള്ള കര്‍മ്മങ്ങളുടെ പ്രായോഗിക രീതികള്‍ വിശദീകരിച്ചുകൊണ്ടുള്ള പരിശീലനമാണ് ഓരോ ക്ലാസുകളിലും നല്‍കിയത്. കുറ്റമറ്റതും സ്വീകാര്യവുമായ ഹജ്ജ് നിര്‍വഹിക്കാനുള്ള സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിലൂടെ തീര്‍ഥാടകര്‍ക്കു ലഭിച്ചു.
ഐ.സി.എഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു. വളരെ കുറച്ചുപേര്‍ക്ക് മാത്രം ലഭിക്കുന്ന മഹത്തായ സൗഭാഗ്യമാണ് ഹജ്ജെന്നും, സ്വീകാര്യമായ ഹജ്ജ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അബ്ദുറഹ്മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുള്‍ ഖാദിര്‍ പള്ളിപ്പറമ്പ് സ്വാഗതം പറഞ്ഞു. ഐ.സി.എഫ് നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍, മദ്രസാ സംവിധാനങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് റീജിയന്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ വിശദീകരിച്ചു. തീര്‍ഥാടകരെ പ്രതിനിധീകരിച്ച് മഹ്മൂദ് ചെങ്ങളായി, അബ്ദുറഹിമാന്‍ കുറ്റിപ്പാല എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് കുട്ടി സഖാഫി അല്‍ ഹാറൂനി ഒളമതില്‍ നിര്‍വഹിച്ച സമാപന പ്രാര്‍ഥനയോടെ സംഗമം അവസാനിച്ചു. ലത്തീഫ് മാനിപുരം നന്ദി രേഖപ്പെടുത്തി.



