തിരുവനന്തപുരം- കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും ആർക്കും അനാവശ്യ വാശിയില്ലെന്നും കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കെ.സി വേണുഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു സതീശന്റെ പ്രഖ്യാപനം. കെ.സി വേണുഗോപാലും വി.ഡി സതീശനും ഒന്നിച്ചാണ് മാധ്യമങ്ങളെ കണ്ടത്. നാളെ ഉച്ചയോടെ മുഴുവൻ മന്ത്രിമാരുടെയും പട്ടിക ഗവർണർക്ക് സമർപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
പ്രഖ്യാപനം വന്ന ശേഷം ആദ്യമാണ് കൂടിക്കാഴ്ച എങ്കിലും തങ്ങൾ എന്നും കാണുന്നവരാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയാണ് ഞങ്ങൾക്കെല്ലാമെന്നും ഐക്യമുന്നണി സർക്കാരിനെ കേരളം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വേണുഗോപാൽ പറഞ്ഞു. സതീശന് പാർട്ടി പൂർണ്ണ പിന്തുണ നൽകും. ഞങ്ങൾ ലോകം മുഴുവൻ ഒരുമിച്ച യാത്ര ചെയ്യുന്നവരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.



