ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ ആദ്യ പരസ്യ വിമർശനവുമായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെയാണ് വിജയ് വിമർശിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചതെന്നും ഇത് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വിജയ് വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ വിലവർധനവ് കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില (ക്രൂഡ് ഓയിൽ) ഉയർന്നതാണ് വില കൂട്ടാൻ കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയുള്ള ഈ വിലവർധനവിനെതിരെയാണ് വിജയ് രംഗത്തുവന്നിട്ടുള്ളത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് അധികാരത്തിലെത്തിയ വിജയ്, ഇതിനകം തന്നെ സംസ്ഥാനത്ത് നിർണായകമായ പല ഭരണപരമായ തീരുമാനങ്ങളും കൈക്കൊണ്ട് ജനശ്രദ്ധ നേടിയിട്ടുണ്ട്.



