കോഴിക്കോട്: കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കിടയിൽ ‘ലോബിയിംഗ്’ നടത്തി എന്നാരോപിച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ സൈബറാക്രമണം തുടരുന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും ഷാഫിക്കെതിരായ പ്രതിഷേധത്തിന് ശമനമില്ല എന്നതാണ് ശ്രദ്ധേയം. സതീശന് അഭിവാദ്യമർപ്പിച്ച് ഷാഫി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലും പ്രവർത്തകർ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.
വി.ഡി സതീശന് പകരം കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി പദവിയിലെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഗൂഢമായ നീക്കം നടന്നുവെന്നാണ് യു.ഡി.എഫ് അണികൾ ആരോപിക്കുന്നത്. പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള എം.എൽ.എമാരെ കെ.സി പക്ഷത്തേക്ക് മാറ്റാൻ ഷാഫി കരുക്കൾ നീക്കിയെന്നാണ് പ്രധാന പരാതി. മലബാർ മേഖലയിൽ ഷാഫി നേതൃത്വം നൽകിയപ്പോൾ, തെക്കൻ കേരളത്തിൽ പി.സി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, എ.പി അനിൽ കുമാർ എന്നിവരാണ് കെ.സിക്ക് വേണ്ടി രംഗത്തിറങ്ങിയത്. ഏകദേശം 45 എം.എൽ.എമാരുടെ പിന്തുണ കെ.സിക്ക് പിന്നിൽ അണിനിരത്തുന്നതിൽ ഈ സംഘം വിജയിച്ചിരുന്നു.
മുസ്ലിം ലീഗ് നേതാക്കളെ നേരിൽക്കണ്ട് സ്വാധീനിക്കാൻ എ.പി അനിൽകുമാർ നടത്തിയ നീക്കങ്ങളും പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കെ.സി പക്ഷത്തായിരുന്ന പി.സി വിഷ്ണുനാഥും മാത്യു കുഴൽനാടനും സൈബർ ഇടത്തിൽ വിമർശനം നേരിടുന്നുണ്ടെങ്കിലും, ഏറ്റവും വലിയ കടന്നാക്രമണം ഉണ്ടാകുന്നത് ഷാഫി പറമ്പിലിന് നേരെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഷാഫിക്കായി സജീവമായി രംഗത്തുണ്ടായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകർ തന്നെ ഇപ്പോൾ സൈബർ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നു എന്നത് ഗൗരവകരമാണ്. ജനവികാരത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന വികാരമാണ് പല ലീഗ് പ്രവർത്തകരും പങ്കുവെക്കുന്നത്. എന്നാൽ തനിക്കെതിരെ ഉയരുന്ന ഈ ആരോപണങ്ങളോടും സൈബർ വേട്ടയാടലിനോടും ഇതുവരെ പ്രതികരിക്കാൻ ഷാഫി പറമ്പിൽ തയ്യാറായിട്ടില്ല.



