തെഹ്‌റാന്‍ – ഇറാന്‍ ബോട്ട് ആക്രമിച്ച് കുവൈത്ത് കസ്റ്റഡിയിലെടുത്ത നാല് ഇറാനികളെ ഉടനടി വിട്ടയക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന കുവൈത്ത് ദ്വീപിനടുത്ത് വെച്ചാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തതെന്ന് ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു. കടല്‍ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഇറാനികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് 1 ന് കുവൈത്തിലെ ബുബിയാന്‍ ദ്വീപിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവര്‍, തങ്ങള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥരാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുവൈത്തിനെതിരെ ആക്രമണം നടത്തുന്നതിന് പ്രത്യേകം വാടകക്കെടുത്ത മത്സ്യബന്ധന ബോട്ടിലാണ് സംഘം ബുബിയാന്‍ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
കടല്‍ വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിലൂടെയാണ് സംഘത്തെ സൈനികര്‍ പിടികൂടുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡില്‍ ഉള്‍പ്പെട്ടവരാണെ് നുഴഞ്ഞുകയറ്റക്കാരുടെ സംഘം സമ്മതിച്ചു. നാവിക സേനാ കേണല്‍ അമീര്‍ ഹുസൈന്‍ അബ്ദുല്‍മുഹമ്മദ് സറാഇ, നാവിക സേനാ കേണല്‍ അബ്ദുല്‍സമദ് യെദാല ഖനവാത്തി, നാവിക സേനയിലെ ക്യാപ്റ്റന്‍ അഹ്‌മദ് ജംഷിദ് ഗുലാം റിസ ദുല്‍ഫഖാരി, ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് ഹുസൈന്‍ സൊഹ്റാബ് ഫൊറോഗി റാദ് എന്നിവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പ്രത്യേകം വാടകക്കെടുത്ത മത്സ്യബന്ധന ബോട്ടില്‍ മെയ് 1 വെള്ളിയാഴ്ച ബുബിയാന്‍ ദ്വീപിലേക്ക് നുഴഞ്ഞുകയറാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തങ്ങളെ ചുമതലപ്പെടുത്തിയതായും കുവൈത്തിനെതിരെ ആക്രമണങ്ങള്‍ നടത്തുക എന്നതായിരുന്നു തങ്ങളെ ഏല്‍പിക്കപ്പെട്ട ചുമതല എന്നും അറസ്റ്റിലായവര്‍ സമ്മതിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സൈനികരുടെ കണ്ണില്‍ പെട്ടതോടെ നുഴഞ്ഞുകയറ്റക്കാരായ സംഘം കുവൈത്ത് സായുധ സേനയുമായി ഏറ്റുമുട്ടി. ഇതിന്റെ ഫലമായി സൈനികരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടു നുഴഞ്ഞുകയറ്റക്കാര്‍ ഇറാനിലേക്കു തന്നെ രക്ഷപ്പെട്ടു. അറസ്റ്റിലായവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



