ദോഹ- അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിൽ ശക്തമായ കാറ്റിനെ അതിജീവിച്ച് ഖത്തർ എയർവേയ്‌സ് വിമാനം ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ഖത്തർ എയർവേയ്‌സിന്റെ കൂറ്റൻ എയർബസ് വിമാനമാണ് റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടകരമായ രീതിയിൽ കാറ്റിൽ പെട്ടത്. റൺവേ ലക്ഷ്യമാക്കി താഴ്ന്ന വിമാനം കാറ്റിന്റെ ശക്തിയിൽ നിയന്ത്രണം വിട്ട് ആടിയുലയുന്നത് വീഡിയോയിൽ വ്യക്തമാണ്. പൈലറ്റ് ഏറെ പണിപ്പെട്ട് ലാൻഡിംഗിന് ശ്രമിച്ചെങ്കിലും ടയറുകൾ റൺവേയിൽ തൊട്ട ഉടനെ ആഞ്ഞുവീശിയ കാറ്റിൽ വിമാനം ഒരു വശത്തേക്ക് ചരിഞ്ഞു.
വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുമെന്ന് തോന്നിച്ച ഘട്ടത്തിൽ പൈലറ്റ് അതിസാഹസികമായി വിമാനം റൺവേയിൽ നിന്നും വീണ്ടും ആകാശത്തേക്ക് ഉയർത്തി (Go-around). അല്പസമയത്തിന് ശേഷം കാറ്റിന്റെ വേഗത കുറഞ്ഞതോടെ പൈലറ്റ് വിമാനം സുരക്ഷിതമായി താഴെയിറക്കി. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ പരിഭ്രമിക്കാതെ പൈലറ്റ് കാണിച്ച മനോധൈര്യത്തെയും വൈദഗ്ധ്യത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസ കൊണ്ട് മൂടുകയാണ്.
https://twitter.com/i/status/2053576934479495582



