ചെന്നൈ- നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ – കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി.
കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഈ മാസം 14ന് അർധരാത്രി 12:30നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാത്രി 12:30ന് അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാകുന്നത്. തുടർന്ന് കോച്ചിൽ എത്തിച്ചു ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്നുള്ള ഗുരുതര പരിക്കാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇതോടെ കേസ് ഏറ്റെടുത്ത പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. നവംബർ 14ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചിൽ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടരന്വേഷണത്തിലാണ് അയ്യപ്പനാണ് കൊലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.



