ദോഹ – ഖത്തര്‍ തീരത്ത് വെച്ച് ചരക്കു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബിയില്‍ നിന്ന് പുറപ്പെട്ട ചരക്കു കപ്പലിന് നേരെ ഖത്തറിലെ മസൈഇദ് തുറമുഖത്തിന് വടക്കുകിഴക്ക് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് കപ്പലില്‍ ചെറിയ തീപിടുത്തമുണ്ടായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതിനുശേഷം കപ്പല്‍ മസൈഇദ് തുറമുഖത്തേക്കുള്ള യാത്ര തുടര്‍ന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പതാക വഹിച്ച, അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറാണ് ഖത്തര്‍ തീരത്തിന് സമീപം ആക്രമിച്ചതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇറാനെതിരായ യു.എസ് ഉപരോധങ്ങള്‍ പാലിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇനി മുതല്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഇറാന്‍ ആര്‍മി വക്താവ് മുഹമ്മദ് അക്‌റമി നിയ മുന്നറിയിപ്പ് നല്‍കിയതായി അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.



