കുവൈത്ത് സിറ്റി- പൊതുഫണ്ട് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന കുവൈത്ത് പൗരനെ ദുബൈയിൽ വെച്ച് അറസ്റ്റ് ചെയ്തു. കുവൈത്തും യു.എ.ഇയും സംയുക്തമായി നടത്തിയ സുരക്ഷാ ഓപ്പറേഷനിലൂടെയാണ് ഇയാൾ പിടിയിലായത്. ഇരു രാജ്യങ്ങളിലെയും ഇന്റർപോൾ ശാഖകളും ക്രിമിനൽ അന്വേഷണ വിഭാഗങ്ങളും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ കോടതി ഇയാളെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും പ്രതി സ്ഥലത്തില്ലാത്തതിനാലാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.
കുവൈത്തിലെ ഒരു സഹകരണ സംഘത്തിന്റെ പ്രതിനിധിയായും നിയമ ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്ന സമയത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. 2012 നും 2018 നും ഇടയിലുള്ള കാലയളവിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പരസ്യ പെർമിറ്റുകളിൽ ഇയാൾ കൃത്രിമം കാണിച്ചു. ഔദ്യോഗിക രേഖകളിലെ തുകകളിൽ മാറ്റം വരുത്തി വ്യാജരേഖകൾ നിർമ്മിക്കുകയും ആ വ്യത്യാസം സ്വന്തമാക്കുകയും വഴി വലിയ തോതിലുള്ള പൊതുഫണ്ടാണ് ഇയാൾ കൈക്കലാക്കിയത്. കുവൈത്ത്, യു.എ.ഇ ഉദ്യോഗസ്ഥർ തമ്മിലുള്ള നിരന്തര നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെച്ചതിലൂടെയുമാണ് പ്രതി ദുബായിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കുവൈത്തിലേക്ക് കൈമാറാനുള്ള നിയമ നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
അഴിമതിക്കെതിരായ പോരാട്ടത്തിലും ഒളിച്ചോടിയ പ്രതികളെ പിടികൂടുന്നതിലും യു.എ.ഇയുമായുള്ള മികച്ച സുരക്ഷാ സഹകരണം വലിയ വിജയമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രശംസിച്ചു. രാജ്യത്തിന്റെ പൊതുമുതൽ സംരക്ഷിക്കുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇത്തരം കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് അഴിമതി നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് തങ്ങളുടെ മുൻഗണനയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



