തെഹ്‌റാൻ– എണ്ണവില കുറയുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. ഹോർമുസ് കടലിടുക്കിലെ യുഎസ് സൈനിക നീക്കങ്ങളും ഉപരോധങ്ങളും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ മാത്രമേ സഹായിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എണ്ണവില ബാരലിന് വൈകാതെ തന്നെ 140 ഡോളറിലേക്ക് എത്തുമെന്നും അദ്ദേഹം പ്രവചിച്ചു.അമേരിക്കയുടെ ഫലപ്രദമല്ലാത്ത സാമ്പത്തിക നയങ്ങളെയും ഉപദേശങ്ങളെയുമാണ് ഖാലിബാഫ് പ്രധാനമായും ലക്ഷ്യമിട്ടത്. ട്രംപ് ഭരണകൂടത്തിന് ലഭിക്കുന്നത് അപ്രായോഗികമായ നിർദ്ദേശങ്ങളാണെന്നും ഇത് അന്താരാഷ്ട്ര വിപണിയിൽ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില നിലവിൽ ഉയർന്ന നിലയിലാണെന്നും അമേരിക്കയുടെ ഓരോ നീക്കവും വില ഇനിയും വർദ്ധിപ്പിക്കാനാണ് കാരണമാകുന്നതെന്നും ഖാലിബാഫ് ചൂണ്ടിക്കാട്ടി.
ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്നും അതിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കാമെന്നുമുള്ള ട്രംപിന്റെ പ്രവചനങ്ങൾ വെറുംവാക്കായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. ഇറാന്റെ എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രത്യാഘാതവും ഇതുവരെ ഉണ്ടായിട്ടില്ല. അമേരിക്കൻ ഭരണകൂടത്തിന്റെ വികലമായ നയങ്ങൾ മൂലം ഗ്യാസ് വില വർദ്ധിക്കുന്നത് കണ്ട് വൈകാതെ അമേരിക്കക്കാർക്ക് പഴയ കുറഞ്ഞ വിലയോട് നോസ്റ്റാൾജിയ തോന്നുമെന്നും ഖാലിബാഫ് പരിഹസിച്ചു.



