തിരുവനന്തപുരം- മെയ് നാലിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ഏവരും. പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യമാകുമോ യു.ഡി.എഫ് തിരിച്ചുവരുമോ, എൻ.ഡി.എ മുന്നേറ്റമുണ്ടാക്കുമോ എന്ന ചർച്ചകളാണെങ്ങും. കേരള തെരഞ്ഞെടുപ്പ് സംബന്ധിച്ച് ദ മലയാളം ന്യൂസ് ടീം നടത്തിയ ഫീൽഡ് സർവേ പ്രസിദ്ധീകരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം നടത്തിയ സർവേയാണിത്. കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യത സംബന്ധിച്ചാണ് ദ മലയാളം ന്യൂസിന്റെ ഫീൽഡ് സർവേയുടെ ആദ്യ ലക്കത്തിലുള്ളത്. മറ്റു ജില്ലകളിലെ പ്രവചനങ്ങളും ഉടൻ പ്രസിദ്ധീകരിക്കും.
കാസർക്കോട്
കാസക്കോട് ജില്ലയിലെ മണ്ഡലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് സീറ്റ് നിലനിർത്തുമെന്നാണ് ഫീൽഡ് സർവേയിൽ വ്യക്തമാകുന്നത്. രണ്ടായിരം വോട്ടുകൾക്ക് താഴെയായിരിക്കും ഭൂരിപക്ഷം. അതേസമയം കാസർക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് വൻ മുന്നേറ്റം കാഴ്ചവെക്കും. 15000 വോട്ടുകൾക്ക് മുകളിൽ യു.ഡി.എഫ് വിജയിക്കും. ഉദുമ, കാഞ്ഞങ്ങാട്. തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽ.ഡി.എഫ് നിലനിർത്തും. ഇതിൽ ഉദുമയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 2000 വോട്ടിന് താഴെയായിരിക്കും. കാഞ്ഞങ്ങാട് എൽ.ഡി.എഫിന് 15000 ഭൂരിപക്ഷം പ്രവചിക്കുമ്പോൾ തൃക്കരിപ്പൂരിൽ 5000ത്തിന് അടുത്തായിരിക്കും.


കണ്ണൂർ:
എൽ.ഡി.എഫിന്റെ കരുത്തുറ്റ കോട്ടകളിൽ ഇത്തവണയും വലിയ വിള്ളലുകൾ വീണിട്ടില്ലെന്നാണ് ഫീൽഡ് റിപ്പോർട്ട്. പയ്യന്നൂർ (35000), കല്ല്യാശ്ശേരി (40000), തളിപ്പറമ്പ് (5,000), ധർമ്മടം (43000), മട്ടന്നൂർ (48000) തുടങ്ങിയ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ബഹുദൂരം മുന്നിലാണ്.
അതേസമയം, യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശുന്ന ചില മണ്ഡലങ്ങളും കണ്ണൂരിലുണ്ട്. ഇരിക്കൂർ, പേരാവൂർ, കണ്ണൂർ മണ്ഡലങ്ങൾ ഉറപ്പായും യു.ഡി.എഫിനൊപ്പം നിൽക്കും. ഇരിക്കൂരിൽ 15000, കണ്ണൂരിൽ 5000, പേരാവൂരിൽ 2000 വോട്ടുകളുടെയും ഭൂരിപക്ഷമാണ് ഫീൽഡ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. അതേസമയം, അഴീക്കോട്, കൂത്തുപ്പറമ്പ് മണ്ഡലങ്ങൾ പ്രവചനാതീതമാണ്. എങ്കിലും ദ മലയാളം ന്യൂസ് ഫീൽഡ് സർവേ അനുസരിച്ച് ഈ മണ്ഡലങ്ങളിലും എൽ.ഡി.എഫിനാണ് നേരിയ സാധ്യത.
വയനാട്:
വയനാട് ജില്ലയിലെ മണ്ഡലങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് വോട്ടർമാരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മാനന്തവാടിയിൽ എൽ.ഡി.എഫ് നേരിയ ഭൂരിപക്ഷം നേടുമ്പോൾ സുൽത്താൻ ബത്തേരിയിലും കൽപ്പറ്റയിലും യു.ഡി.എഫിനാണ് മുൻ തൂക്കം. സുൽത്താൻ ബത്തേരിയിൽ 20000ത്തിന് മുകളിലാണ് ഫീൽഡ് റിപ്പോർട്ട് അനുസരിച്ചുള്ള ഭൂരിപക്ഷം. കല്പറ്റയിൽ 8000 വോട്ടുകളും യു.ഡി.എഫിന് അധികം ലഭിച്ചേക്കും. മാനന്തവാടിയിൽ 1500 വോട്ടാണ് എൽ.ഡി.എഫ് അധികം നേടുക എന്നാണ് സർവ്വേ ഫലം.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിലെ പോളിംഗ് കണക്കുകൾ പ്രകാരം ഇരു മുന്നണികളും തമ്മിൽ ശക്തമായ മത്സരമാണ് നടന്നിരിക്കുന്നത്. ചില മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷം പ്രകടമാകുമ്പോൾ മറ്റു ചിലയിടങ്ങളിൽ നേരിയ വോട്ടുകൾക്കാണ് മുൻതൂക്കം.
വടകര, കുറ്റ്യാടി, നാദാപുരം, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിക്കുമെന്ന് ദ മലയാളം ന്യൂസ് ഫീൽഡ് സർവേ വ്യക്തമാക്കുന്നു. വടകരയിൽ 9000, കുറ്റ്യാടി 7000, നാദാപുരം 6500 എന്നിങ്ങനെയാണ് സർവേ വ്യക്തമാക്കുന്നത്. കൊടുവള്ളിയിൽ യു.ഡി.എഫ് ഭൂരിപക്ഷം 15000-ത്തിന് അടുത്തെത്തും. കൊയിലാണ്ടിയിലും കോഴിക്കോട് സൗത്തും രണ്ടായിരത്തിൽ താഴെ വോട്ടുകൾക്ക് യു.ഡി.എഫ് കടന്നുകയറിയേക്കും.
അതേസമയം എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, പേരാമ്പ്ര, ബാലുശ്ശേരി, തിരുവമ്പാടി, കുന്ദമംഗലം മണ്ഡലങ്ങൾ ഇക്കുറിയും എൽ.ഡിഎഫിനൊപ്പമാകും. എലത്തൂരിൽ 32000 വും ബേപ്പൂരിൽ പതിനായിരവും കോഴിക്കോട് നോർത്തിൽ 8000 വും പേരാമ്പ്രയിൽ 6000 വോട്ടുകൾക്കും എൽ.ഡി.എഫ് മുന്നിലെത്തും. ബാലുശ്ശേരി, തിരുവമ്പാടി, കുന്നമംഗലം മണ്ഡലങ്ങളിൽ കനത്ത പോരാട്ടമാണ് നടന്നത്. ഇവിടെയും എൽ.ഡി.എഫിനാണ് മുന്നേറ്റം.
പ്രധാന നിരീക്ഷണങ്ങൾ:
കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം: എലത്തൂർ മണ്ഡലത്തിലായിരിക്കും എൽ.ഡി.എഫിന് ലഭിക്കുക.
കുന്നമംഗലം, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറവായതിനാൽ ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറാനുള്ള സാധ്യതയുണ്ട്.
മട്ടന്നൂർ, ധർമ്മടം, കല്ല്യാശ്ശേരി മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് ഏറ്റവും വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.
സുൽത്താൻ ബത്തേരിയിലും കാസർഗോഡും, കൊടുവള്ളിയിലും യു.ഡി.എഫ് മികച്ച നിലയിലാണ്.
മഞ്ചേശ്വരം, ഉദുമ, അഴീക്കോട്, മാനന്തവാടി തുടങ്ങിയ മണ്ഡലങ്ങളിൽ അവസാന നിമിഷം വരെ ഫലം പ്രവചനാതീതമായി തുടരും.



