മക്ക – ഹജ് നിയമം ലംഘിച്ച് ആറു പ്രവാസികളെ മക്കയിലേക്ക് കടത്താനുള്ള മ്യാന്മര്‍ സ്വദേശിയുടെ ശ്രമം ഹജ് സുരക്ഷാ സേന വിഫലമാക്കി. ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം ഹജ് സുരക്ഷാ സേന കണ്ടെത്തിയത്. സംശയിക്കപ്പെടുന്ന കാറില്‍ നിയമ ലംഘകര്‍ കയറുന്നത് ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ സൈനികര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. കാര്‍ പ്രവാസിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും മ്യാന്മര്‍ പൗരനായ ഇയാള്‍ ആറു പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനായി ഏഴു പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
നിയമ ലംഘകരെ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. നിയമ ലംഘകരെ മക്കയിലേക്ക് കടത്തുകയായിരുന്ന പ്രവാസി ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പായി നിയമ ലംഘകരെ കാറില്‍ നിന്ന് ഇറക്കുകയായിരുന്നു. നിയമ ലംഘകര്‍ പിന്നീട് ചെക്ക് പോസ്റ്റിന് ഏറെ ദൂരെ മരുഭൂമിയിലൂടെ ചെക്ക് പോസ്റ്റ് മറികടന്നു. ചെക്ക് പോസ്റ്റ് പിന്നിട്ട ശേഷം ഏറെ ദൂരെ ഹൈവേയില്‍ സൈഡാക്കിയ മ്യാന്മര്‍കാരന്റെ കാറില്‍ പിന്നീട് നിയമ ലംഘകര്‍ ഓടിയെത്തി കയറുന്നതാണ് ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. നിയമ ലംഘകരുമായി സ്ഥലംവിടുന്നതിനു മുമ്പായി പോലീസ് വാഹനങ്ങള്‍ കുതിച്ചെത്തി കാര്‍ ബ്ലോക്ക് ചെയ്ത് ഏഴു പേരെയും കസ്റ്റഡിയിലെടുത്തു. ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കും. നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങുന്നവര്‍ക്ക് 20,000 റിയാല്‍ തോതിലും പിഴ ലഭിക്കും.



