വാഷിംഗ്ടണ്‍ – ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വാഷിംഗ്ടണിലെ ഇസ്രായില്‍ അംബാസഡര്‍ യെഹിയേല്‍ ലീറ്ററും അമേരിക്കയിലെ ലെബനീസ് അംബാസഡര്‍ നദ മുഅവദും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രായിലും ലെബനോനും തമ്മില്‍ ഈ വര്‍ഷം സമാധാന കരാറിലെത്താന്‍ വലിയ അവസരം ഉണ്ടെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച വരും ആഴ്ചകളില്‍ പ്രതീക്ഷിക്കുന്നു. രണ്ട് അംബാസഡര്‍മാരും തമ്മിലുള്ള കൂടിക്കാഴ്ച വളരെ നന്നായി നടന്നു. ഹിസ്ബുല്ലയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ലെബനോനുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കും. ഹിസ്ബുല്ലക്കുള്ള ധനസഹായം ഇറാന്‍ നിര്‍ത്തലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
ഇസ്രായിലും ലെബനോനും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീട്ടുന്നത് സുപ്രധാന ചരിത്ര നിമിഷമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ലെബനോനും ഇസ്രായിലും സമാധാനം ആഗ്രഹിക്കുന്നു. രണ്ടും ഹിസ്ബുല്ലയുടെ ഇരകളാണ് എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രായിലും ലെബനോനും തമ്മില്‍ ശാശ്വതമായ സമാധാനത്തിലേക്ക് അടുക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. ലെബനോനുമായി ഉടന്‍ സമാധാനം കൈവരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി അമേരിക്കയിലെ ഇസ്രായില്‍ അംബാസഡര്‍ യെഹിയേല്‍ ലീറ്റര്‍ പറഞ്ഞു. ലെബനോനിനുള്ള ട്രംപിന്റെ പിന്തുണക്കും സഹായത്തിനും അമേരിക്കയിലെ ലെബനീസ് അംബാസഡര്‍ നദ മുഅവദ് നന്ദി വ്യക്തമാക്കി.
പ്രശ്‌നം ലെബനോമായും ഇസ്രായിലുമായും അല്ല. മറിച്ച് ഹിസ്ബുല്ലയുമായാണ്. ഇസ്രായില്‍ ലെബനോനുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഇന്നലത്തെ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്ന ഇസ്രായിലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. യു.എസ് മധ്യസ്ഥതയിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി ട്രംപ് ഓവല്‍ ഓഫീസില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ അംബാസഡറെയും അമേരിക്കയിലെ ലെബനീസ് അംബാസഡറെയും സ്വീകരിച്ചു. യു.എസ് വൈസ് പ്രസിഡന്റ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി, ഇസ്രായിലിലെ യുഎസ് അംബാസഡര്‍, ലെബനോനിലെ യു.എസ് അംബാസഡര്‍ മൈക്കല്‍ ഈസ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
1948 മുതല്‍ ഔദ്യോഗികമായി യുദ്ധാവസ്ഥയിലുള്ള ഇസ്രായിലും ലെബനോനും ഏപ്രില്‍ 14 ന് വാഷിംഗ്ടണില്‍ ഒരു റൗണ്ട് ചര്‍ച്ച നടത്തി. 1993 ന് ശേഷം ഇരു രാജ്യങ്ങളും നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്. ഈ ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസത്തിന് ശേഷം, ലെബനോനില്‍ അമേരിക്ക 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ലെബനോനില്‍ മാര്‍ച്ച് രണ്ടിന് ആരംഭിച്ച യുദ്ധത്തില്‍ 2,400 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. പത്തു ലക്ഷത്തിലേറെ ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ഹിസ്ബുല്ല ഇസ്രായില്‍ സൈനികര്‍ക്കെതിരെ ഓപ്പറേഷന്‍ നടത്തി. എന്നിരുന്നാലും ഇത് ചര്‍ച്ചകളെ തടസ്സപ്പെടുത്തിയില്ല.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച വെടിനിര്‍ത്തല്‍ കരാറില്‍, തങ്ങള്‍ക്കെതിരെ നടത്തുന്നതോ ആസൂത്രണം ചെയ്യുന്നതോ ആയ ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായില്‍ നിലനിര്‍ത്തുന്നതായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇസ്രായിലുമായുള്ള നേരിട്ടുള്ള ചര്‍ച്ചകളെ ഹിസ്ബുല്ല വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇസ്രായിലിന് ഇളവുകള്‍ നല്‍കുകയും ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് രാഷ്ട്രീയവും ജനകീയവുമായ സമവായം നേടുന്നതില്‍ പരാജയപ്പെട്ടെന്നുമാണ് ഹിസ്ബുല്ലയുടെ ആരോപണം.



