വാഷിംഗ്ടണ്‍ – ഇറാന്‍ എണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു എണ്ണ ടാങ്കര്‍ കൂടി യു.എസ് സൈന്യം ഇന്ന് പിടിച്ചെടുത്തു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് മജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതായി യു.എസ് പ്രതിരോധ വകുപ്പ് (പെന്റഗണ്‍) പറഞ്ഞു. നിയമവിരുദ്ധ ശൃംഖലകളെ തടസ്സപ്പെടുത്താനും ഇറാന് പിന്തുണ നല്‍കുന്ന കപ്പലുകള്‍ എവിടെയായിരുന്നാലും തടയാനും ആഗോളതലത്തില്‍ സമുദ്ര നിയമം നടപ്പാക്കുന്നത് തങ്ങള്‍ തുടരുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് കൂട്ടിച്ചേര്‍ത്തു. ടാങ്കറില്‍ യു.എസ് സേന പ്രവേശിച്ചത് കാണിക്കുന്ന ഫോട്ടോ അമേരിക്കന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. ഉപരോധങ്ങള്‍ക്ക് വിധേയമായ സ്ഥാപനങ്ങള്‍ക്ക് അന്താരാഷ്ട്ര ജലാശയങ്ങള്‍ മറയായി ഉപയോഗിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര ജലാശയങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ കപ്പലുകള്‍ക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് യു.എസ് പ്രതിരോധ വകുപ്പ് തുടരുമെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ മറ്റൊരു കപ്പല്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച രണ്ടു ചരക്കു കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കുകയും മറ്റൊരു കപ്പലിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇറാന്‍ തുറമുഖങ്ങളിലേക്ക് നയിക്കുന്ന കപ്പല്‍ പാതകളില്‍ നിയന്ത്രണം സ്ഥാപിക്കാനും അറേബ്യന്‍ ഉള്‍ക്കടലിലേക്കും ഹോര്‍മുസ് കടലിടുക്കിലേക്കും വേഗത്തില്‍ നീങ്ങാന്‍ തയ്യാറായി നില്‍ക്കാനും ചെങ്കടല്‍ മുതല്‍ അറേബ്യന്‍ കടലിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിച്ചുകിടക്കുന്ന സമുദ്ര വലയം രൂപീകരിക്കാന്‍ യു.എസ് നാവികസേന പ്രവര്‍ത്തിക്കുകയാണ്.



