അബുദാബി– തങ്ങളുടെ അംബാസഡറെ പുറത്താക്കാനുള്ള സോമാലിയയുടെ തീരുമാനത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. സംഘർഷം വർധിപ്പിക്കുന്നതും ശത്രുതാപരമായതുമായ നടപടിയാണ് സോമാലിയയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ യു.എ.ഇ അംബാസഡറോട് ആവശ്യപ്പെട്ടതിന് പിന്നാലെ, അബുദാബിയിലെ തങ്ങളുടെ അംബാസഡറെയും സോമാലിയ തിരിച്ചുവിളിച്ചിരുന്നു. സോമാലിയയുടെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ ഐക്യം, ആഭ്യന്തര സുരക്ഷ എന്നിവയെ ബാധിക്കുന്ന യു.എ.ഇയുടെ ഇടപെടലുകൾക്കുള്ള മറുപടിയായാണ് ഈ തീരുമാനമെന്ന് സോമാലിയൻ വാർത്താവിനിമയ മന്ത്രി അബ്ദിഫത്ത കാസിം മഹമൂദ് പ്രതികരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നതും സഹകരണം തകർക്കുന്നതുമായ ഉത്തരവാദിത്തമില്ലാത്ത നിലപാടുകളാണ് ഈ ഉത്തരവിലൂടെ പ്രകടമാകുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തീരുമാനങ്ങൾ പൊതുവായ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണമെന്നും, അവ രാഷ്ട്രീയ പരിഗണനകളിൽ നിന്നും ആഭ്യന്തര സംഘർഷങ്ങളിൽ നിന്നും മുക്തമായിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ആഭ്യന്തര അധികാര തർക്കങ്ങളെ ഉഭയകക്ഷി ബന്ധങ്ങളിലേക്ക് വലിച്ചിഴച്ച് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ സോമാലിയൻ സർക്കാർ ശ്രമിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം നിലനിന്നിരുന്ന സാഹചര്യത്തിൽ, ജനുവരിയിൽ മൊഗാദിഷുവിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടിയ യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചിരുന്നു. ഉഭയകക്ഷി കരാറുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശത്രുതാപരമായ നയങ്ങളാണ് അന്ന് സോമാലിയ സ്വീകരിച്ചതെന്നും യു.എ.ഇ ആരോപിച്ചിരുന്നു.



