ദുബായ്- പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി ദുബായ് ആകാശം വീണ്ടും കായിക വിനോദങ്ങൾക്കായി തുറന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നോണം യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആകാശത്തുനിന്ന് സ്കൈ ഡൈവ് ചെയ്യുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സ്കൈ ഡൈവിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾ പുനരാരംഭിച്ചത് രാജ്യം പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങിയെന്നതിന്റെ ശക്തമായ സൂചനയാണ്.
തന്റെ പ്രിയപ്പെട്ട കായിക വിനോദമായ സ്കൈ ഡൈവിംഗിലേക്ക് മടങ്ങിയെത്തിയ ഷെയ്ഖ് ഹംദാൻ, തന്റെ സ്പോർട്സ് ടീമായ ‘എഫ്3’ എന്ന് രേഖപ്പെടുത്തിയ ഹെൽമറ്റും സുരക്ഷാ കവചങ്ങളും ധരിച്ചാണ് വിമാനത്തിൽ നിന്ന് ചാടിയത്. ‘ഫസ3’ എന്ന തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്കിടയിൽ തരംഗമായി. ദുബായ് ആകാശം വീണ്ടും സുരക്ഷിതമാണെന്ന സന്ദേശം ഈ ചിത്രത്തിലൂടെ അദ്ദേഹം ലോകത്തിന് നൽകുന്നു.



