തൃശ്ശൂർ– മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ അഞ്ച് പേർ മരണപ്പെട്ടു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് തീ പടർന്നുപിടിച്ചതും തുടർസ്ഫോടനങ്ങൾ ഉണ്ടായതും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. തീയണയ്ക്കാതെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്.തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സതീശൻ എന്ന ലൈസൻസിയുടെ നിർമ്മാണശാലയിലാണ് ഇന്ന് വൈകുന്നേരത്തോടെ അപകടമുണ്ടായത്.
അപകടം നടന്ന ഉടൻ തന്നെ പോലീസും ആംബുലൻസുകളും സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴി കാരണം ഫയർഫോഴ്സ് വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ അപകടസ്ഥലത്തേക്ക് എത്തിയത്. കെട്ടിടത്തിനുള്ളിൽ ഇനിയും എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ ദൂരേക്ക് വരെ അനുഭവപ്പെട്ടതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ നിൽക്കെയാണ് ഈ ദാരുണ സംഭവം നടന്നത്.



